
കോട്ടയം: പകൽസമയങ്ങളിൽ ലോക്ക് ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ കനത്ത ചൂടിൽ വെന്തുരുകുന്നു. പകൽ സമയത്ത് കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലുമായി നിരവധി സ്ഥലങ്ങളിലാണു പോലീസുകാർ ടീമുകളായി തിരിഞ്ഞു വാഹന പരിശോധനകൾ നടത്തുന്നത്.
വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന വേനൽ മഴയും പോലീസുകാർക്കു ദുരിതമാണ് സമ്മാനിക്കുന്നത്. പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക ഷെഡുകൾ മാത്രമാണു പോലീസുകാർക്കുള്ള ഏക ആശ്രയം.
കനത്ത വെയിലിൽ താത്കാലിക ഷെഡ് അല്പം ആശ്വാസം നല്‍കുമെങ്കിലും തകർത്തു പെയ്യുന്ന മഴയിൽ താത്കാലിക ഷെഡിൽ ഇരുന്നാലും നനഞ്ഞു കുതിരുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വാഹനങ്ങളുടെ തിരക്ക് കൂടുതലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലപ്പോഴായി സന്നദ്ധ പ്രവർത്തകർ നല്കുന്ന കുടിവെള്ളവും ഭക്ഷണവും പഴങ്ങളും കാപ്പിയുമൊക്കെയാണു പോലീസുകാർക്ക് അല്പം ആശ്വാസമാകുന്നത്.