കൊച്ചി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ ഇനി പോലീസ് കൃഷിപാഠങ്ങള്‍ കൂടി പഠിപ്പിക്കും. നിയമലംഘകര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പച്ചക്കറിക്കൃഷിക്കായി ജീവനി പദ്ധതിയുടെ ഭാഗമായ വിത്ത് പായ്ക്കറ്റുകള്കൂടി നല്‍കാനാണു തീരുമാനം.
കൃഷി വകുപ്പ് ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് വിതരണത്തിനായി തയാറാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറണാകളും, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.
ഈ പദ്ധതിയില്‍ പോലീസ് സേനയ്ക്കും വിതരണത്തിനായി ആവശ്യത്തിന് വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. ഇവയാണ് നിയമം ലംഘിക്കുന്നവര്‍ക്കു പോലീസ് നല്‍കുന്നത്.
വിത്ത് പായ്ക്കറ്റുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ഈ മാസം ഏഴിനകം എല്ലാ ജില്ലകളിലും വിതരണത്തിനായി വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. പച്ചക്കറികൃഷി വ്യാപന പദ്ധതിക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്കുമെന്നു മന്ത്രി അറിയിച്ചു.