കോട്ടയം: ജില്ലയിൽ ലോക്ക് ഡൗണിന്റെയും നിരോധനജ്ഞയുടെയും ഭാഗമായിട്ടുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കും. കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും.
ഇന്നലെ റോഡുകളിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി കർശനമാക്കിയത്. ജില്ലയിൽ ഒരിടത്തും നാലു പേരിൽ കൂടുതൽ കൂട്ടം കൂടുവാൻ പാടില്ലെന്ന് ജില്ലാ കളക്്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.
ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആരും നിലവിൽ ചികിത്സയിലില്ലെങ്കിലും രോഗവ്യാപനം തടയുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളും, ആരോഗ്യവകുപ്പും നൽകിയിട്ടുള്ള നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. മൂവായിരത്തിലേറെ ആളുകൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
രോഗബാധിത രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ ഇരുനൂറോളം പേരും നേരിട്ടല്ലാതെ സന്പർക്കം പുലർത്തിയ 93 പേരും നിരീക്ഷണത്തിലാണ്.
ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വൈറസ് ബാധിച്ചുണ്ടെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുന്‍പും സന്പർക്കത്തിൽ വരുന്നവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
നിരീക്ഷണ കാലയളവായ 28 ദിവസത്തിനുള്ളിൽ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനും സമൂഹവ്യാപനം തടയുന്നതിനും വേണ്ടിയുള്ള മുൻകരുതലുകളാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പോലീസും ഏർപ്പെടുത്തിയിരിക്കുന്നത്.
കോട്ടയം ജില്ല സുരക്ഷിതമായെന്ന മുൻവിധിയോടെ ലോക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി വീടുവിട്ട് പുറത്തു സഞ്ചരിക്കുന്നത് സമൂഹ വ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നും കളക്ടർ മുന്നറിയിപ്പു നൽകി.
ട്രഷറികൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, റേഷൻ കടകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കായി സന്ദർശിക്കേണ്ടിവരുന്പോൾ മുഖാവരണം ധരിക്കാനും എല്ലാ ബ്രേക്ക് ദ ചെയിൻ കിയോസ്കുകൾ പ്രയോജനപ്പെടുത്തി കൈകൾ ശുചീകരിക്കാനും ശ്രദ്ധിക്കണം.
കാത്തു നിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ക്വാറന്റയിനിൽ കഴിയുന്നവരെ ആരോഗ്യപ്രവർത്തകർ വീടുകളിൽ സന്ദർശിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ട്.
നിരീക്ഷണ കാലയളവിൽ ആരോഗ്യനിർദേശങ്ങൾ ആവശ്യമുള്ളവർക്ക് കളക്ടറ്റേറ്റിലെ കണ്ട്രോൾ റൂമിൽ(1077) എന്ന നന്പരിൽ ബന്ധപ്പെടാം. 7034322777.
കൂടുതൽ മേഖലകളിൽ ഡ്രോൺ നിരീക്ഷണം
കോട്ടയം: ജില്ലയിൽ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നിരീക്ഷണത്തിന്റെ ഭാഗമായി പോലീസ് കൂടുതൽ മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കും.
ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ഇങ്ങനെ നിരീക്ഷണം നടത്തുമെന്നും വാഹന പരിശോധന കൂടുതൽ കർശനമാക്കുമെന്നും ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് പറഞ്ഞു.
അത്യാവശ്യങ്ങൾക്കുവേണ്ടിയല്ലാതെ പുറത്തിറങ്ങുകയും നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലോക് ഡൗണ്‍ ആരംഭിച്ചശേഷം നിയമലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 2700 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത എഴുനൂറോളം വാഹനങ്ങൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.