തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമായില്ല. കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മതിയെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്തിന് ആശങ്കവേണ്ടതില്ല. കാസർഗോഡും സ്ഥിതി ആശ്വാസകരമാണ്. എന്നാൽ ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
കേന്ദ്ര തീരുമാനം വരുന്നതിനു മുൻപ് ലോക്ക്ഡൗണിൽ കേരളത്തിൽ മാത്രം ഇളവുകൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തൽ. രോഗ വ്യാപനത്തിൽ പ്രതീക്ഷകൾക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാനായെന്ന ആത്മവിശ്വാസം സംസ്ഥാനത്തിനുണ്ട്.
എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിൻവലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും സംസ്ഥാനം കണക്കുകൂട്ടുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.