തിരുവനന്തപുരം: കന്പ്യൂട്ടർ, സ്പെയർ പാർട്ട്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ എന്നിവ ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാഹനങ്ങൾ നന്നാക്കാനുള്ള വർക്ക്ഷോപ്പുകൾ തുറക്കാൻ അനുവദിക്കും.
പിഎസ് സി അഡ്വൈസ് മെമ്മോ ലഭിച്ച പലർക്കും ലോക്ക്ഡൗണ്‍ കാരണം ജോയിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അക്കാര്യത്തിൽ വകുപ്പ് മേധാവികളും പിഎസ് സിയുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്യും.
ലോക്ക്ഡൗണിനെ തുടർന്ന് വിമാന ടിക്കറ്റ് കാൻസൽ ചെയ്യുന്പോൾ യാത്രക്കാരന് റീഫണ്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം വീണ്ടും ഉയർന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര ഗവണ്മെൻറിന്റെ ശ്രദ്ധയിൽപ്പെടുത്തും.
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില എന്നിവ തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 103 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.