കോട്ടയം: ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ സംബന്ധിച്ചു തെറ്റിധാരണ പടർത്തുന്ന പ്രസ്താവനയുമായി നഗരസഭ കൗണ്‍സിലർ. പ്രശ്നത്തിൽ ഇടപെട്ട് പരിഹാരവുമായി മറ്റൊരു കൗണ്‍സിലർ.കോട്ടയം നഗരസഭയിലെ 31-ാം വാർഡ് കൗണ്‍സിലർ ഷീനാ ബിനുവാണ് റോഡ് അടച്ചത് സംബന്ധിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന പ്രസ്ഥാവന ഇറക്കിയത്.
കോവിഡ് അതിവ്യാപനം വളരെ രൂക്ഷമായതിനാൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന വാർഡുകൾ പൂർണമായും അടയ്ക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് മൂലവട്ടം മേൽപാലം അടച്ചിരിക്കുകയാണ്.
ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി മാത്രമേ പുറത്തു പോകാൻ അധികാരികൾ അനുവദിക്കുകയുള്ളു എന്നായിരുന്നു ഷീനാ ബിനുവിന്റെ പ്രസ്ഥാവന. ആശുപത്രിയിൽ പോകാനല്ലാതെ ആളുകളെ പുറത്തേക്കു വിടില്ലെന്നത് സാധാരണക്കാരിൽ ആശങ്കയ്ക്കും ഇടയാക്കി.
ഇതേത്തുടർന്നു മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡ് പോലീസ് അടച്ചു. ഇന്നലെ ഉച്ചയോടെയാണ് മൂലവട്ടം മേൽപ്പാലം അടച്ചതായുള്ള സന്ദേശം വാട്സ് ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്.
ഇതോടെ പ്രദേശവാസികൾ അസ്വസ്ഥരായി. ജില്ലാ ഭരണകൂടത്തെയും നഗരസഭ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും പ്രധാന റോഡുകൾ അടയ്ക്കാൻ നിർദേശം ഇല്ലെന്നായിരുന്നു പ്രതികരണം.
ഇതു സംബന്ധിച്ചു കൗണ്‍സിലറെ വിളിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. അതിനുശേഷമാണ് മറ്റൊരു വാർഡിലെ കൗണ്‍സിലറായ ഷീജ അനിൽ പ്രശ്നത്തിൽ ഇടപെടുന്നത്. വാഹന തടസം പരിഹരിക്കുകയും ചെയ്തു.