ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രതിസന്ധിക്കിടെ ഹരിയാനയില്‍ നിന്നു സ്വദേശമായ ബിഹാറിലേക്കു മടങ്ങിപ്പോകുവാന്‍ യമുനാ നദി കാല്‍നടയായി മുറിച്ചു കടന്ന് നൂറുകണക്കിനു കുടിയേറ്റ തൊഴിലാളികള്‍. ഹരിയാനയിലെ യമുനാനഗറില്‍ നിന്നുമാണ് ഇവര്‍ നടക്കുവാന്‍ ആരംഭിച്ചത്. ഉത്തര്‍പ്രദേശ്-ഹരിയാന അതിര്‍ത്തിയില്‍ കൂടിയാണ് യമുനാ നദി ഒഴുകുന്നത്.
വേനല്‍കാലമായതിനാല്‍ നദിയില്‍ താരതമ്യേന വെള്ളം കുറവാണ്. പകല്‍ സമയത്തെ ചൂട് ഒഴിവാക്കുവാനാണ് രാത്രിയില്‍ നടക്കുന്നതെന്ന് തൊഴിലാളികളിൽ കുറച്ചു പേർ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 2,000ത്തിന് അടുത്ത് കുടിയേറ്റ തൊഴിലാളികളാണ് യമുനാ നദിയില്‍ കൂടി നടന്നു പോയത്.
ഞങ്ങളുടെ പക്കല്‍ പണമില്ലെന്നും പോലീസ് ഉപദ്രവിക്കുന്നതു കൊണ്ടാണ് രാത്രിയില്‍ നദി മുറിച്ചു കടക്കുന്നതെന്നും 16കാരനായ രാഹുല്‍ പറയുന്നു. യമുനാനഗറില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു രാഹുല്‍.
തൊഴിലുടമ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുവെന്നും കൈവശം പണമില്ലെന്നും 24കാരനായ രാകേഷ് പറഞ്ഞു. യമുനാനഗറിലുള്ള അഭയാര്ത്ഥികേന്ദ്രത്തിലായിരുന്നു തന്റെ താമസമെന്നും എന്നാല്‍ അവിടെ ഭക്ഷണം കിട്ടാത്തതിനാലാണ് വീട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചതെന്നും രാകേഷ് വ്യക്തമാക്കി.