നെന്മാറ: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ നെല്ലിയാന്പതിയിലെ വന്യമൃഗങ്ങൾ വിശന്നു വലയുകയാണ്. കൂടുതലും കുരങ്ങുകളും സിംഹവാലനുമാണ് കുടുങ്ങിയത്.
ഏതെങ്കിലും വാഹനങ്ങൾ കടന്നുപോകുന്പോൾ വിശന്നു വലഞ്ഞ കുരങ്ങുകൾ തടഞ്ഞുനിർത്തുന്നതും പിൻതുടർന്നു ഓടുന്നതും പതിവായി. പ്രദേശവാസികൾ പോകുന്ന ഇരുചക്രവാഹനങ്ങളെയും ഒഴിവാക്കുന്നില്ല. സഞ്ചാരികളെ കണ്ടാൽ ഓടിമറയാറുള്ള സിംഹവാലൻ കുരങ്ങുകൾ ഇന്ന് നിരത്തുകളിൽ ഇറങ്ങി നിൽക്കുന്നത് പതിവായി.
വല്ലപ്പോഴും കടന്നുവരുന്ന വാഹനങ്ങളെ അയ്യപ്പൻതിട്ടിലും കൈകാട്ടിക്കു സമീപവും നോക്കിയിരിക്കുന്ന സിംഹവാലൻമാരുടെ ചിത്രം ക്യാമറയിൽ പകർത്തൽ എളുപ്പമായി.
വേനൽ കടുത്തതോടെ ഉണങ്ങി നിൽക്കുന്ന മരങ്ങളിൽ നിന്നോ മറ്റു വഴിയിലൂടെയോ ഭക്ഷണം കിട്ടാനുള്ള മാർഗമില്ലാതായതാണ് ലോക്ഡൗണ്‍ കാലത്ത് വിനയായത്. വിശന്നിരിക്കുന്ന കുരങ്ങുകളുടെ പ്രശ്നം പരിഹരിക്കാൻ മൃഗസ്നേഹികൾ ആരും മുന്നോട്ടുവന്നിട്ടില്ല.