റെനീഷ് മാത്യു
കണ്ണൂർ: ലോക്ക് ഡൗണിന്റെ നിർദേശങ്ങൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് ലോക്ക് ഡൗൺ തീരുന്നതു വരെ തടങ്കലിൽ പാർപ്പിക്കാൻ പോലീസ്.
ഇതിനായി പ്രത്യേക സെല്ലുകൾ തയാറാക്കും. സാധാരണയായി ഇത്തരം സാഹചര്യ ത്തിൽ അറസ്റ്റ് ചെയ്യുന്നവരെ അപ്പോൾ തന്നെ ജാമ്യത്തിൽ വിടുകയാണ് പതിവ്.
എന്നാൽ, ലോക്ക് ഡൗൺ നിർദേശങ്ങൾ മറികടന്ന് വാഹനങ്ങളിൽ നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈയൊരു സാഹചര്യത്തിലാണ് പുതിയ നടപടികളിലേക്ക് പോലീസ് കടക്കുന്നത്. ഇത്തരം ഒരു നിയമ നിർമാണത്തിനുള്ള നിർദേശം പോലീസ് അധികൃതർക്ക് നല്കിയിട്ടുണ്ട്.
അനാവശ്യമായി റോഡിലിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ സൂക്ഷിക്കാൻ അതാത് പോലീസ് സ്റ്റേഷനു സമീപമുള്ള ഗ്രൗണ്ടും തയാറാക്കിയിട്ടുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ തീരുന്ന അന്നേ നല്കുകയുള്ളൂ.
അതേസമയം സംസ്ഥാനത്തെ ക്ലബുകളും വായനശാലകളും കേന്ദ്രീകരിച്ച് ആളുകൾ ഒത്തുകൂടുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നല്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചുമുതൽ രാത്രി എട്ടുവരെ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള വായനശാലകളിലും ക്ലബുകളിലും പോലീസ് റെയ്ഡ് നടത്തി.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കാനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നല്കിയിട്ടുണ്ട്.