തൊടുപുഴ: ലോക്ക് ഡൗണിനിടയിൽ കാൻസർ രോഗ ബാധിതനായ മകനെയുമായി ആശുപത്രിയിലേക്കു പോയ പിതാവിനു നേരേ പോലീസിന്റെ
ആർസിസിയിൽ നിന്നുള്ള നിർദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാൻസർ രോഗം ബാധിച്ച യുവാവിനെ കുളമാവ് പോലീസ് പെരുവഴിയിൽ തടഞ്ഞിട്ടത് ഒരു മണിക്കൂറോളം.
ഈ സമയം കളക്ടറേറ്റിലേക്കു പോകാൻ ഇതു വഴി വന്ന പി.ജെ.ജോസഫ് എംഎൽഎ ഇടപെട്ടതിനെത്തുടർന്ന് ഇവരെ പിന്നീട് പോകാൻ അനുവദിച്ചെങ്കിലും ഇവർക്കെതിരേ ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരിൽ കേസെടുക്കുമെന്നറിയിച്ചത് വിവാദമായി.
കഴിഞ്ഞ 28ന് കുളമാവ് ഡാമിനു സമീപമാണ് ഇവരെ പോലീസ് തടഞ്ഞത്. ഇടുക്കി നായരുപാറ താഴുത്തുരുത്തേൽ ടി.ജെ.വർക്കിയും മകൻ അനൂപിനുമാണ് പോലീസിൽ നിന്നും ദുരനുഭവം നേരിട്ടത്. ആറു വർഷമായി ഇടതു തോളിൽ കാൻസർ ബാധിച്ച് ചികിൽസയിലാണ് അനൂപ്.
തിരുവനന്തപുരം ആർസിസിയിലെ ചികിൽസയ്ക്കു ശേഷം ചെന്നൈയിലെ ആശുപത്രിയിൽ തോളിലെ അസ്ഥി നീക്കം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ആർസിസിയിൽ കീമോ തെറാപ്പി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വലതു തോളിൽ വേദനയനുഭവപ്പെട്ടു.
ആർസിസിയിൽ വിളിച്ചപ്പോൾ ലോക്ക് ഡൗണായതിനാൽ ഇത്രയും ദുരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അടുത്ത് ഓങ്കോളജിസ്റ്റുള്ള ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞു.
ഇതിനുസരിച്ച് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോരുന്നതിനിടയിലാണ് കുളമാവ് പോലീസിന്റെ കണ്ണിൽച്ചോരയില്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്നത്. വർക്കിയും അനൂപിനും പുറമെ വാഹമോടിച്ചിരുന്ന ബന്ധുവായ നോബിയുമാണ് കാറിലുണ്ടായിരുന്നത്.
യാത്രയിൽ ഇവർ മാസ്ക്കും ധരിച്ചിരുന്നു. കുളമാവ് സ്റ്റേഷനിലും എഎസ്ഐയും സംഘവുമാണ് ഡാമിനു സമീപം വാഹനം കൈ കാണിച്ചത്. ആശുപത്രി രേഖകളും സത്യവാങ്മൂലവും കാണിച്ചെങ്കിലും വാഹനം വിടാൻ പോലീസ് തയാറായില്ല. സത്യവാങ്മൂലം പോരെന്നായിരുന്നു പോലീസിന്റെ മുടന്തൻ ന്യായം.
തിരികെ പോയി കളക്ടറേറ്റിൽ നിന്നും രേഖ വാങ്ങി വരാമെന്നറിയിച്ചെങ്കിലും വാഹനം വിടാൻ പോലീസ് തയാറായില്ല. ഇതിനിടെയാണ് പി.ജെ.ജോസഫ് എംഎൽഎ ഇതു വഴി വന്നത്. പോലീസിന്റെ നടപടി ഇദ്ദേഹം ചോദ്യം ചെയ്തതോടെയാണ് വാഹനം വിട്ടു നൽകാൻ പോലീസ് തയാറായത്.
വാഹനം വിട്ടു നൽകിയെങ്കിലും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തി പരിശോധനകൾക്കു ശേഷം ഡോക്ടർ തന്നെ ഇക്കാര്യം പോലീസിനെ വിളിച്ചറിയിച്ചെങ്കിലും കേസെടുക്കാതിരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
ഇതെത്തുടർന്ന് പോലീസിന്റെ മനുഷ്യത്വമില്ലായ്മക്കെതിരേ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് വർക്കി പരാതി നൽകി. എന്നാൽ സംഭവം വിവാദമായതോടെ കേസെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഇവരുടെ മേൽവിലാസം രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും കേസെടുത്തിട്ടില്ലെന്നും സിഐ ജോസഫ് ലിയോണ്‍ അറിയിച്ചു. ബിരുദ വിദ്യാർഥിയായിരുന്ന അനൂപിന്റെ ചികിൽസ നാട്ടുകാരുടെ സഹായത്തോടെയാണ് നടന്നു വരുന്നത്.