സ്വന്തം ലേഖകൻ
തൃശൂർ: ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ നിയന്ത്രിക്കാൻ പോലീസ് വേണമെന്ന ആവശ്യവുമായി ബസുടമകൾ. സീറ്റിന്റെ പകുതി യാത്രക്കാരെ കയറ്റാനാണ് ഇപ്പോൾ അനുവാദമുള്ളതെങ്കിലും സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാർ ബസിൽ കയറുന്പോൾ അവരെ തടയാനോ നിയന്ത്രിക്കാനോ കണ്ടക്ടർമാർക്കു സാധിക്കാത്ത സ്ഥിതിയാണെന്ന് തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
രാവിലെയും ഉച്ചതിരിഞ്ഞുമാണ് യാത്രക്കാർ കൂടുതലായി കയറുന്നത്. യാത്രക്കാരെ കയറ്റിയില്ലെങ്കിൽ ബസ് തടഞ്ഞിടുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്േറാ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.
വലിയ സംഖ്യയാണ് ബസുകൾക്കെതിരെ പിഴ ചുമത്തുന്നതെന്നും വൻസാന്പത്തിക ബാധ്യതകൾക്കിടയിലും ബസ് സർവീസ് നടത്തുന്ന തങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും ബസുടമകൾ പരാതിപ്പെട്ടു.
മുഖ്യമന്ത്രിയും ഗതാഗതവകുപ്പു മന്ത്രിയും ആവശ്യപ്പെട്ടതനുസരിച്ചാണ് നഷ്ടം സഹിച്ചും സർവ്വീസ് നടത്തുന്നത്.
ഡീസലിനും ജീവനക്കാരുടെ ശന്പളത്തിനും ദിവസവരുമാനം തികയുന്നില്ല. 40 ശതമാനം ബസുകൾക്കും അടുത്ത ജില്ലയിലേക്ക് സർവ്വീസ് നടത്താൻ അനുവാദമില്ല. 20 ശതമാനം ബസുകളും ഈ സാന്പത്തിക പ്രതിസന്ധിയിലും സർവ്വീസ് നടത്തുന്നുണ്ട്.
തങ്ങളുടെയല്ലാത്ത കുറ്റത്തിന് വലിയ പിഴ ചുമത്തുന്നതും പെർമിറ്റ് റദ്ദാക്കുന്നതും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഇന്നത്തെ സാഹചര്യത്തിൽ താങ്ങാവുന്നതിനപ്പുറമാണ്. യാത്രക്കാർ ബസുകളിൽ ലോക്ഡൗണ് നിബന്ധനകൾ ലംഘിച്ച ്കയറുന്നത് തടയാനും നിയന്ത്രിക്കാനും ബസ് സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും രാവിലെയും വൈകിട്ടും പോലീസിന്റെ സഹായം വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.