കോലഞ്ചേരി: ലോക്ക്ഡൗൺ ഇളവുകൾ തങ്ങൾക്ക് പൊതുസ്ഥലങ്ങളിൽ പുകവലിക്കാനുള്ള ലൈസൻസാക്കി മാറ്റിയിരിക്കുകയാണ് ചിലർ. കോലഞ്ചേരിക്ക് ചുറ്റുമുള്ള പരിസര പ്രദേശങ്ങളായ മീമ്പാറ, കുടകുത്തി, നടുക്കുരിശ്, പരിയാരം, പുളിച്ചോട് കുരിശ്, കുറിഞ്ഞി എന്നീ ചെറുകവലകളിലാണ് പുകവലിക്കാർ കൈയ്യടക്കിയിരിക്കുന്നത്.
പൊതു സ്ഥലങ്ങളിൽ പുകവലി നിരോധനം എന്നത് നിയമത്തിൽ ഉണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ നിയമം കർശനമാക്കിയിരുന്നു. സിഗരറ്റ്, ബീഡി എന്നിവ കിട്ടാതായതോടെ പല കവല വലിക്കാരും വീട്ടിൽ തന്നെ ഒതുങ്ങിക്കഴിഞ്ഞിരുന്നു.
എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയതോടെ താടിയിൽ മാസ്ക്കും ധരിച്ച് ഇക്കൂട്ടർ ചെറുകവലകൾ കയ്യടക്കിയിരിക്കുകയാണ്. അവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ കടകളിൽ എത്തുന്നവരും വഴിയാത്രക്കാരുമാണ് ഇവർ കാരണം ഏറെ ബുദ്ധിമുട്ട് സഹിക്കുന്നത്.
കവലകളിലെ കടകൾക്കും ചായക്കടകൾക്കും മുമ്പിലിട്ടിരിക്കുന്ന ബെഞ്ചുകളിലും, വെയ്റ്റിങ്ങ് ഷെഡുകളിലും, ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിലും മറ്റും കൂട്ടം കൂടി പുകവലിക്കുന്നത് സാധാരണ ജനങ്ങൾക്ക് ശല്യമായിരിക്കുകയാണ്.
ടൗൺ വിട്ട് ഗ്രാമങ്ങളിലുള്ള പല കടകളിലും ഇവർക്കുള്ള സൗകര്യങ്ങൾ വരെ ഒരുക്കി നല്കായിരിക്കുന്നതായാണ് കാണുവാൻ കഴിയുന്നത്. കടകൾക്കകം കസേരകൾ ഇട്ട് കൊടുത്തും, സിഗരറ്റ്, ബീഡി എന്നിവ വലിക്കാനുള്ള തീപ്പെട്ടികൾ നല്കിയും വരുന്നതായി കാണുന്നു.
ഇവ വിൽക്കുന്ന പല കടകളിലും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ചിട്ടുളള ബോർഡുകൾ തൂക്കിയിട്ടുമില്ല. കൊറോണയെ ചെറുക്കാൻ പത്ത് രൂപയുടെ മാസ്ക്ക് താടിയിൽ അണിഞ്ഞ് സമൂഹത്തിൽ രോഗം പരത്തുന്ന ഇവർക്കെതിരെ അധികാരികൾ കർശന നിയമം എടുക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നുമുയരുന്നുണ്ട്.