ചെന്നൈ: കോവിഡ് കാലത്ത് തമിഴ്നാട് പോലീസ് പിടിച്ചെടുത്തത് 3.79 ലക്ഷം വാഹനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് അഞ്ചുലക്ഷം പേര്. ഇവരില്‍നിന്ന് ഈടാക്കിയ പിഴ 5.11 കോടിയും.
രോഗവ്യാപനത്തെ അവഗണിച്ച് നിസാര കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടികളാണ് തമിഴ്നാട്ടിൽ പോലീസ് സ്വീകരിക്കുന്നത്. എന്നിട്ടും നിയമലംഘനത്തിന് ഇത്രയധികം അറസ്റ്റുണ്ടായിരിക്കുന്നത് സര്‍ക്കാരിനെ കുഴക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്തത് ആകെ 716 കോവിഡ് കേസുകളും എട്ടുമരണവുമാണ്. ഇതില്‍ 510 കേസുകളും ചെന്നൈയിലാണ്. ഇതോടെ തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4882 ആയി ഉയര്‍ന്നു.
ഇന്നലെ 22 ജില്ലകളില്‍ പുതിയ കോവിഡ് രോഗികള്‍ ഉണ്ടായി. ഇതില്‍ ചെന്നൈയ്ക്ക് പിറകേ തൊട്ടടുത്ത ജില്ലകളായ ചെങ്കല്‍പെട്ടും തിരുവള്ളൂരും രോഗികളുടെ എണ്ണത്തില്‍ മുന്നിലാണ്. ചെങ്കല്‍പെട്ട് ജില്ലയില്‍ 391 കൊറോണ ബാധിതരാണുള്ളത്.
തിരുവള്ളൂരില്‍ ഇത് 467 ആണ്. ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് രോഗം പരക്കുന്നതിനു മുമ്പ് രണ്ടുജില്ലകളിലും രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു. ഇതിനിടെ ഇന്നലെ മദ്രാസ് മെഡിക്കല്‍ കോളജില്‍ പ്ലാസ്മ ചികിത്സയുടെ ആദ്യഘട്ടം തുടങ്ങി.
കോവിഡ് രോഗമുക്തമായ ഒരു രോഗി പ്ലാസ്മ നല്കാന് തയാറായതിനെ തുടര്‍ന്നാണ് പരീക്ഷണം ആരംഭിച്ചത്. പ്ലാസ്മ പരീക്ഷണം നടത്താന്‍ ഐസിഎമ്മാറിന്റെ അനുമതിയുള്ള തമിഴകത്തെ മെഡിക്കല്‍ കോളജുകളില്‍ ഒന്നാണ് മദ്രാസ് മെഡിക്കല്‍ കോളജ്.
ഇതിനിടെ തമിഴ്നാട്ടില്‍ പുതിയ തൊഴില്‍ നയങ്ങള്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ ഡിഎംകെ രംഗത്തെത്തി. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്ന്നെടുക്കുമ്പോള് അത് കോവിഡ് കാലത്ത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ നീതി നിഷേധമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് പറഞ്ഞു.
കൊറോണമൂലം ദുരിതം അനുഭവിക്കുന്ന ലക്ഷങ്ങളാണ് തമിഴ്നാട്ടില്‍ ഉള്ളതെന്നും അവര്‍ക്കെല്ലാം പാര്‍ട്ടി സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഹെല്പ് ലൈനില്‍ ഇതുസംബന്ധിച്ച് 15 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.