തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ കൂടുതൽ ഇളവുകൾ ഇന്നുമുതൽ സംസ്ഥാനത്തു നിലവിൽ വരും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിൻമെന്റ് സോൺ) പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും.
മറ്റു പ്രദേശങ്ങളിലാണ് ഇളവുകൾ. ഹോട്ട്സ്പോട്ടുകൾ ഉള്ള നഗരസഭകളുടെ കാര്യത്തിൽ അതത് വാർഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തിൽ പ്രസ്തുത വാർഡും അതിനോട് കൂടിച്ചേർന്നു കിടക്കുന്ന വാർഡുകളും അടച്ചിടും.
ഗ്രീൻ സോണുകളിൽ ഉൾപ്പെടെ ടാക്സി ഒഴികെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമെ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല.
ഓൺലൈൻ അടക്കമുള്ള ടാക്സികളിലും ഡ്രൈവറെ കൂടാതെ രണ്ടു പേ൪ വീതമാണ് സഞ്ചരിക്കുക. (ഹോട്ട്സ്പോട്ടുകളിൽ ഒഴികെ). ടൂവീലറുകളിൽ പിൻസീറ്റ് യാത്രയും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി കുടുംബാംഗങ്ങൾക്കു പോകാം.
അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെ രീതിയിൽ തന്നെ മേയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകാം.
ബാങ്കുകൾ സാധാരണ ഗതിയിൽ പ്രവ൪ത്തിക്കും. വായ്പകൾ അടക്കമുള്ളവ ലഭിക്കും. റെഡ് സോണിൽ ഉച്ചകഴിഞ്ഞു രണ്ടു വരെ മാത്രമേ ബാങ്ക് പ്രവ൪ത്തിക്കുകയുള്ളു.
ഇന്നു മുതൽ അനുവദനീയമായവ
- ഗ്രീൻ സോണുകളിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ആയിരിക്കും. സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. കടയിൽ ഒരു സമയം അഞ്ചു പേരെ കാണാവൂ.
- ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
- ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്ക് പാഴ്സലുകൾ നൽകാനായി തുറന്നു പ്രവർത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
- ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഈ ഇളവുകൾ ഗ്രീൻ/ ഓറഞ്ച് സോണുകൾക്കാണ് ബാധകം.
ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങൾക്കു വിധേയമായി ടാക്സി, യൂബർ പോലുള്ള കാമ്പ് സർവീസുകൾ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.
ഹോട്ട്സ്പോട്ടുകളിൽ ഒഴികെ ഗ്രീൻ, ഓറഞ്ച് സോണുകളിൽ അന്തർ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങൾക്കു മാത്രം) അനുമതി നൽകും. കാറുകളിൽ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും. ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റും വേണ്ടതില്ല.
അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം. (ഹോട്ട്സ്പോട്ടിലൊഴികെ). എന്നാൽ, 65 വയസിനു മുകളിലുള്ളവരും പത്തുവയസിനു താഴെയുള്ളവരും വീടുകളിൽ തന്നെ കഴിയണം. രാത്രി 7.30 മുതൽ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ്സോണുകളിലും വാഹനങ്ങൾ ഓടാൻ അനുവദിക്കും.