സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിൽ ലോക്ക്ഡൗണിലെ ഒന്നാം ദിവസം പൊതുവേ ശാന്തമായി കടന്നുപോകുന്നു. നിരത്തുകളിൽ അത്യാവശ്യം വാഹനങ്ങൾ മാത്രമാണുള്ളത്. അവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകേണ്ടവർ മാത്രമാണ് ഇന്നു രാവിലെ സ്വകാര്യ വാഹനങ്ങളുമായി ഇറങ്ങിയത്.
ജില്ലയിലെന്പാടും പോലീസ് കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാരേഖകളും സത്യവാങ്മൂലവും വിശദമായി പരിശോധിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
ആശുപത്രിയിലേക്കും മരുന്നു വാങ്ങുന്നതിനും വാക്സിനേഷൻ എടുക്കുന്നതും എല്ലാം ആളുകൾ സത്യവാങ്മൂലവും ആയി പുറത്തിറങ്ങിയിരുന്നു.
പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈൻ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവിൽ വരും. യാത്രാപാസിനായി ഓണ്‍ലൈനായി അപേക്ഷിക്കാം.
മൊബൈലിലോ മെയിലിലോ പാസ് ലഭിക്കും. അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽകാവുന്നതാണ്.
ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും.