തിരുവനന്തപുരം: സംസ്ഥാനത്ത് അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. രാവിലെ വിവിധ ജില്ലകളിൽ പോലീസ് നടത്തിയ പരിശോധനയിൽ 300 ൽപരം വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
150 ൽപരം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗണ്‍, നിരോധനാജ്ഞ ലംഘനം , ദുന്തനിവാരണ നിയമം ലംഘിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇത്തരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം മാത്രമെ വിട്ടുകൊടുക്കുകയുള്ളു.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശാനുസരണമാണ് പോലീസ് വാഹനപരിശോധന കർശനമാക്കിയത്. ആളുകൾ പുറത്തേക്ക് ഇറങ്ങുന്നതിനായി അരക്കിലോ വീതം ഭക്ഷണസാധനങ്ങൾ വാങ്ങി പോലീസിനെ കബളിപ്പിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരക്കാരുടെ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് കാട്ടി നോട്ടീസ് നൽകി കൊണ്ടിരിക്കുകയാണ്. കാസർകോട് ജില്ലയിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ ഇന്നലത്തേതിനെ അപേക്ഷിച്ച് റോഡിലേക്ക് ഇറങ്ങിയവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.
എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഡ്രോണ്‍ ഉപയോഗിച്ചും പോലിസ് വാഹനപരിശോധന നടത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ 90 ൽപരം വാഹനങ്ങൾ ഇന്ന് രാവിലെ പിടിച്ചെടുത്തിട്ടുണ്ട്.
എല്ലാ ജില്ലകളിലും ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാർ നേരിട്ടിറങ്ങിയാണ് അനാവശ്യ യാത്രക്കാരെ പിടികൂടുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ റൂറൽ എസ്പി. ബി.അശോകൻ എന്നിവർ രാവിലെ മുതൽ വാഹനപരിശോധനകൾക്ക് നേതൃത്വം നൽകുകയാണ്.