തിരുവനന്തപുരം: ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച കോവിഡ് 19 ഹോട്ട്സ്പോട്ടുകളിൽ തിരുവനന്തപുരം കോർപ്പറേഷനും ഉൾപ്പെടുന്നതിനാൽ തിരുവനന്തപുരം നഗരാതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചുള്ള പരിശോധന പോലീസ് ശക്തമായി തുടരുന്നു.
ലോക്ക് ഡൗൺ ലംഘനം നടത്തിയ 121 പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 90 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘിച്ച 107 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 14 പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 107 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, മെഡിക്കല്‍ കോളജ്, കഴക്കൂട്ടം, വലിയതുറ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 90 വാഹനങ്ങൾ പിടിച്ചെടുത്തു.
79 ഇരുചക്ര വാഹനങ്ങളും 10 ഓട്ടോറിക്ഷകളും ഒരു കാറുമാണ് പിടിച്ചെടുത്തത്. സിറ്റി പോലീസിന്റെ “റോഡ് വിജില്‍ ആപ്പ്” വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ നിലവിലുള്ളതുപോലെ തന്നെ കർശനമായി തുടരും. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്ക്/തൂവാല കൊണ്ട് വായും മൂക്കും മറയ്ക്കേണ്ടതാണ്.
സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചു മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ ഇന്നു മുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ പരിധി ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും ആറ് അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങൾ നിശ്ചയിച്ച് വളരെ കർശനമായാണ് പോലീസ് യാത്രക്കാരെ നഗരത്തിനുള്ളില്‍ കടത്തിവിട്ടത്.
മണ്ണന്തല സ്റ്റേഷന് പരിധിയിലെ മരുതൂര്‍, കഴക്കൂട്ടം സ്റ്റേഷന് പരിധിയിലെ വെട്ടുറോഡ്, പേരൂര്‍ക്കട സ്റ്റേഷന് പരിധിയിലെ വഴയില, പൂജപ്പുര സ്റ്റേഷന് പരിധിയിലെ കുണ്ടമൺകടവ്, നേമം സ്റ്റേഷന് പരിധിയിലെ പ്രാവച്ചമ്പലം, വിഴിഞ്ഞം സ്റ്റേഷന് പരിധിയിലെ മുക്കോല എന്നീ സ്ഥലങ്ങളിലെ അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍ വഴിയാണ് വാഹനങ്ങളെയും യാത്രക്കാരെയും നഗരത്തിനുള്ളിലേക്ക് കടത്തി വിട്ടത്.
ബാക്കിയുള്ള നഗരാതിര്‍ത്തി പങ്കിടുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ണമായും അടയ്ക്കുകയും ചെയ്തു. തിരുവനന്തപുരം നഗരം ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവായതിനുശേഷം മാത്രമേ ഈ സ്ഥലങ്ങൾ ഗതാഗതത്തിനായി തുറന്നു കൊടുക്കുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
മറ്റു സ്ഥലങ്ങളിൽ നമ്പർ നിബന്ധനപ്രകാരം വാഹനങ്ങൾക്ക് അനുവദിച്ച ഇളവ് നഗര പരിധിയിൽ അനുവദിക്കുന്നതല്ല. അവശ്യഭക്ഷ്യവസ്തുക്കളും, മരുന്നും വാങ്ങുന്നതിനും, മറ്റു ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ പൊതുജനങ്ങളുടെ യാത്ര അനുവദിക്കുയുള്ളൂ.
അവശ്യസേവനങ്ങള്‍ക്ക് ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി തുടരുന്നതാണ്. മെഡിക്കൽ ഷോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ.
തുറക്കാന്‍ അനുവാദമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ വരുന്നവര്‍ സാമൂഹിക അകലം പാലിക്കണം. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.
പോലീസ് നിർദേശങ്ങൾ ലംഘിക്കുന്ന കടയുടമകൾക്കും വാഹന ഉടമകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.