കുന്നത്തൂർ: അപ്രതീക്ഷിതമായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫോണിലേക്ക് ഉഷയുടെ വിളിയെത്തിയത്. വിവരം അന്വേഷിച്ച അദ്ദേഹത്തോട് ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഭർത്താവ് ജയന്റെ ജീവൻ നിലനിർത്താൻ ഉപകരിച്ചിരുന്ന മരുന്നുകൾ തീർന്നിരിക്കുന്നു.
എത്രയും വേഗം മരുന്ന് വേണം. അവസ്ഥ വളരെ മോശമാണ്. വ്യക്കരോഗത്തിനൊപ്പം ഷുഗർ ബാധിച്ച് ഇരു കണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. ലോക്ക് ഡൗൺ ആയതിനാൽ വീട്ടിലെ അവസ്ഥയും വളരെ ദയനീയം. വേണ്ടതെല്ലാം ഉടനെ ഏർപ്പാടാക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ മറുപടിയിൽ ഉഷ ആശ്വാസം കൊണ്ടു.
തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ ശാസ്താംകോട്ട സുധീർ ഉഷയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ വില കൂടിയ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തു. ഇതിനൊപ്പം ഭക്ഷ്യധാന്യ കിറ്റുകളും കൈമാറി.
ശൂരനാട് വടക്ക് തെക്കേമുറി ഉഷസിൽ ഉഷ ഭർത്താവിന്റെ ജീവൻ നിലനിർത്താൻ സഹായം തേടി പല വാതിലുകളും മുട്ടി തളർന്നശേഷമാണ് ഉമ്മൻ ചാണ്ടിയുടെ നമ്പരിലേക്ക് വിളിച്ചത്. ലോക്ക്ഡൗൺ കാരണം മുടങ്ങിയ കണ്ണിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ സഹായം നൽകാമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
ശാസ്താംകോട്ട സുധീറിനൊപ്പം നേതാക്കളായ എച്ച്.അബ്ദുൾ ഖലീൽ, ഷൈജു ശൂരനാട്, അബ്ദുള്ള സലീം, അർത്തിയിൽ ഷെഫീക്ക്, ദിലീപ് കുരുവിക്കുളം, മാവിളയിൽ ഷെഫീക്ക്, ജെസീം കാരൂർ, അൻസു ശൂരനാട്, അരുൺ ആന്റണി എന്നിവരും സഹായം കൈമാറൽ ചടങ്ങിൽ പങ്കെടുത്തു.