മൂവാറ്റുപുഴ: ലോഡുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ജില്ലയിൽ മിക്ക മേഖലകളിലും പഴം, പച്ചക്കറി വില താഴ്ന്നു. പഴം, പച്ചക്കറി കടകളിൽ വലിയ തിരക്കില്ല. കച്ചവടം തീരെ കുറഞ്ഞതും വിലകുറയ്ക്കാൻ വ്യാപാരികളെ നിർബന്ധിതരാക്കി.
പച്ചക്കറികൾ കൂടുതൽ വാങ്ങിയിരുന്നവർ പോലും ഇപ്പോൾ അളവു കുറച്ചതായി വ്യാപാരികൾ പറയുന്നു. വേനലിൽ ഏറെ വില്പനയുണ്ടായിരുന്ന പഴവർഗങ്ങൾക്കും വില്പന കുറഞ്ഞിട്ടുണ്ട്. ഓറഞ്ച്, മുന്തിരി, മാന്പഴം തുടങ്ങിയവയ്ക്കും വലിയ ഡിമാൻഡില്ല.
ഓറഞ്ചിന് കിലോയ്ക്ക് 50-70 രൂപയ്ക്കിടയിലാണ് വില്പന. മാന്പഴ സീസൺ തുടങ്ങിയതോടെ കടകളിൽ ആവശ്യത്തിന് ലോഡ് വരുന്നുണ്ട്. നാടൻ ഇനങ്ങളാണ് കൂടുതലും. മൂവാണ്ടൻ മാങ്ങ 70 രൂപയ്ക്കാണ് വില്പന. പ്രിയോർ കിലോയ്ക്ക് 100 രൂപയും സിന്ദൂരത്തിന് 70 രൂപയുമാണ് വില.
മുന്തിരി വില 100-120 രൂപയ്ക്ക് ഇടയിലാണ്. പൈനാപ്പിൾ വിലയാണ് ഏറെ കുറഞ്ഞത്. മൂവാറ്റുപുഴ ഭാഗത്ത് കിലോയ്ക്ക് 15 രൂപ മുതൽ പൈനാപ്പിൾ വില്ക്കുന്പോൾ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് എത്തുന്പോൾ 35 രൂപ വരെ ഇൗടാക്കുന്നുണ്ട്.
വിളവെടുപ്പ് കാലമായതിനാലും കയറ്റുമതി ഏറെക്കുറെ നിലച്ചതുമാണ് പൈനാപ്പിളിന് തിരിച്ചടിയായത്. ലോക്ക് ഡൗണിന്റെ ആദ്യദിവസങ്ങളിൽ ലഭ്യത കുറയുമെന്ന ഭയത്തിൽ ആളുകൾ പച്ചക്കറി ഉൾപ്പെടെ കൂടുതൽ വാങ്ങിക്കൂട്ടിയിരുന്നു.
ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ ലോഡുകണക്കിന് സാധനങ്ങൾ എത്തിയതോടെയാണ് വിലക്കുറവിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
പറവൂരിലും വിലകുറഞ്ഞു
പറവൂര്‍: രണ്ടു ദിവസം മുമ്പ് കുത്തനെ ഉയര്‍ന്ന പച്ചക്കറി വില പകുതിയായി താഴ്ന്നു. വ്യാഴാഴ്ച കോട്ടപ്പുറം മാര്‍ക്കറ്റില്‍ പച്ചക്കറി ധാരളമായി എത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു നിന്ന വിലനിലവാരം താഴുകയായിരുന്നു. 40 രൂപയുണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് 24 രൂപയും 80 രൂപ വരെയായിരുന്ന ബീന്‍സിന് 45 രൂപയായിട്ടുമാണ് വില കുറഞ്ഞത്.
50 രൂപയുടെ അച്ചിങ്ങയുടെ വില 35 രൂപയായിട്ടും കുറഞ്ഞിട്ടുണ്ട്. വെണ്ടക്ക ഒഴികെ എല്ലാ പച്ചക്കറികള്‍ക്കും വില കുറഞ്ഞതായി കച്ചവടക്കാരും പറയുന്നു. ആള്‍ക്കൂട്ടം മൂലം അടച്ചിട്ടിരുന്ന പറവൂര്‍ മാര്‍ക്കറ്റില്‍ ചരക്കെത്തിച്ച് കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചതും പച്ചക്കറി വില കുറയാന്‍ കാരണമായിരുന്നു.
ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വില താഴ്ന്നതിന്റെ ഗുണഫലം പ്രതിഫലിച്ചമ്പോള്, നഗരഹൃദയമായ കച്ചേരിപ്പടി ഭാഗത്തെ കടകളില്‍ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.