രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞുവെങ്കിലും സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് ഏതാണ്ടുറപ്പായി.
ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍ ഘട്ടംഘട്ടമായി മതിയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് നാളത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.
കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട്ടില്‍ നിന്നു പാലക്കാട് ജില്ലയിലേക്കുള്ള എല്ലാവഴികളും അടച്ച് പരിശോധന കര്‍ശനമാക്കി.
ആരാധാനലയങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമിതി ശുപാര്‍ശകള്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം വിശദമായി പരിശോധിച്ചശേഷമാകും കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോകോണ്‍ഫെറന്‍സില്‍ ലോക്ക് ഡൗണിനുശേഷമുള്ള നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങളോടു ആവശ്യപ്പെട്ടിരുന്നു.
അതേസമയം കോയമ്പത്തൂര്‍,പൊള്ളാച്ചി, ആനമല പ്രദേശങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നു സംസ്ഥാനത്തേക്കുള്ള എല്ലാവഴികളും അടച്ച് പരിശോധന കര്‍ശനമാക്കി. കാല്‍നട യാത്രക്കാരെയുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
കോഴിക്കോട് കോര്പറേഷന് പരിധിയിലെ കൊളത്തറ, പയ്യാനയ്ക്കല്‍ മേഖലയിലെ കടകളുടെ പ്രവര്‍ത്തിസമയം രാവിലെ എട്ട് മുതല്‍ പതിനൊന്നുവരെയായി പരിമിതിപ്പെടുത്തി.
സംസ്ഥാനത്ത് പൊതുനിരത്തുകളില്‍ അനാവശ്യമായി ഇറങ്ങുന്നവരെ പിടികൂടാനുള്ള പരിശോധനകള്‍ പൊലീസും കര്‍ശനമാക്കി. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 14നു ശേഷവും പൊതുഗതാഗതം ഉണ്ടാവാനുള്ള സാഹചര്യം വിരളമാണ്.