പാറ്റ്ന: ലോക്ക്ഡൗൺ ഏറ്റവും മോശമായി ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയാണ്. പണിയില്ലാതായതോടെ ദുരിതത്തിലായ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനും സാധിക്കാതെയായി. ഇവരിൽ പലരും നാടണയാൻ സാഹസിക മാർഗങ്ങൾ തേടുകയാണ്.
മുംബൈയിൽനിന്നും ബഹാറിലേക്ക് സൈക്കിളിൽ യാത്ര ആരംഭിച്ച ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികളാണ് അവരിൽ ഒടുവിലത്തെ സാഹസികർ. 15 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ബിഹാറിലെ ധർബാംഗയിലേക്ക് സൈക്കിളിൽ പോകുന്നത്. ഇവർക്ക് പിന്നിടാനുള്ളത് 2,000 കിലോമീറ്ററും.
ബുധനാഴ്ച പുലർച്ചെ മൂന്നിന് ആണ് സംഘം മുംബൈയിലെ സാന്താ ക്രൂസിൽനിന്ന് യാത്ര തിരിച്ചത്. സംസ്ഥാന അതിർത്തികളിൽ തടഞ്ഞില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ നാട്ടിലെത്തും.
നാട്ടിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്താമെന്ന് പറഞ്ഞിട്ടും സൗകര്യം ഒരുക്കാത്തതിനാലാണ് സാഹസിക യാത്രക്ക് ഒരുങ്ങുന്നതെന്ന് ഇവർ പറയുന്നു.
സൈക്കിളിന്റെ കാരിയറിൽ അത്യാവശ്യത്തിനു തുണികളും ഏതാനും പാത്രങ്ങളും കുറച്ച് അരിയുമാണ് യാത്രയിൽ ഇവർ കരുതിയിരിക്കുന്നത്.