കോട്ടയം: വ്യാപാരസ്ഥാപനങ്ങൾ തുറന്നു, ബസുകൾ ഓടി തുടങ്ങി, ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ജനം പുറത്തിറങ്ങി.
ഒന്നര മാസം നീണ്ട അടച്ചിട്ട ജീവിതത്തിനു ഇളവുകൾ വന്നതോടെ ജീവിതം സാധാരണനിലയിലേക്ക്. ലോക്ഡൗണ്‍ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജില്ല ഉണർന്നു കഴിഞ്ഞു. കഴുകിയും തൂത്തും വൃത്തിയാക്കി സ്ഥാപനങ്ങൾ തുറന്ന വ്യാപാരികൾക്ക് പ്രവേശനോത്സവം പോലെയായിരുന്നു.
ബസുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സർക്കാർ ഓഫീസുകളിലാകട്ടെ 50 ശതമാനം ജീവനക്കാർ എത്തി. ഇളവുകൾ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഇളവുകൾ നൽകിയ സമരപരിപാടികളും ആരംഭിച്ചു. നാമമാത്ര ആളുകളെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളാണ് നടന്നത്. പൊതുവായ പരിപാടികൾക്കും സമ്മേളനങ്ങൾക്കും അനുമതി നൽകിയിരുന്നില്ല.
ജില്ലയിൽ 24 പഞ്ചായത്തുകളും മൂന്നു നഗരസഭകളുമാണ് സാധാരണ നിലയിലേക്കായത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) എട്ടിൽ താഴെയെത്തിയ തദ്ദേശ സ്ഥാപനങ്ങളാണിത്. ഭാഗിക നിയന്ത്രണം മൂന്നു നഗരസഭകളിലും 42 പഞ്ചായത്തുകളിലുമാണ്. അഞ്ച് പഞ്ചായത്തുകളിൽ ലോക്ഡൗണ്‍ തുടരും. ട്രിപ്പിൾ ലോക്ഡൗണ്‍ ഏർപ്പെടുത്തേണ്ട ഒരു തദ്ദേശ സ്ഥാപനവും ജില്ലയിലില്ല.
വ്യാപാരികൾ തുറന്നു, പക്ഷേ…
രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയാണു കടകൾ തുറക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഒന്നരമാസം അടച്ചിട്ടിരുന്ന കടകൾ ഇന്നലെ വ്യാപാരികളെത്തി തുറന്നു. തലേദിവസം തൂത്തും കഴുകിയും വൃത്തിയാക്കിയിരുന്നു. കടകൾ തുറന്നെങ്കിൽ കച്ചവടം നാമമാത്രമാണ് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
പലരും കട തുറന്നതല്ലാതെ ഒരു സാധനം പോലും വിറ്റിട്ടില്ല. കടകളിലെ ജീവനക്കാരിൽ കുറച്ചു ആളുകളോടു മാത്രമാണ് ഇന്നലെ എത്താൻ പറഞ്ഞത്. വരും ദിവസങ്ങളിൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ.
സ്വകാര്യബസുകൾ നാമമാത്രം
ഒന്നര മാസം നീണ്ട ലോക്ഡൗണിനുശേഷം സ്വകാര്യ ബസ് സർവീസുകൾ ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു. പ്രൈവറ്റ് ബസ് കൂട്ടായ്മകളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ബസുകൾ ഇന്നലെ മുതൽ ഓടി തുടങ്ങുമെന്നുള്ള അറിയിപ്പും വൈറലായിരുന്നു.
വിവിധ റൂട്ടുകളിൽ അന്‍പതിൽപ്പരം സ്വകാര്യബസുകൾ ഇന്ന് ഓടിത്തുടങ്ങുമെന്ന് ഇന്നലെ അറിയിച്ചെങ്കിലും നാമമാത്ര സർവീസുകളേയുണ്ടായിരുന്നുള്ളൂ.ലോക്ഡൗണിനുശേഷം സർവീസ് പുനരാരംഭിക്കുന്പോൾ ഡീസൽ ലിറ്ററിന് 10 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.
സർവീസ് പുനരാരംഭിച്ചാലും യാത്രക്കാരുടെ എണ്ണം പൊതുവേ കുറവായിരുന്നു. രാവിലെയും വൈകുന്നേരവും മാത്രമാണ് ആളുകളുണ്ടായിരുന്നത്. ഉച്ച സമയത്തെ ട്രിപ്പുകൾ പലരും മുടക്കി.
ഇന്നു ഒറ്റയക്കവും നാളെ ഇരട്ടയക്ക നന്പർ ക്രമത്തിലും സർവീസ് നടത്താമെന്ന നിയമം ഇന്നലെ വൈകുന്നേരത്തോടെ നിലവിൽ വന്നതോടെ ഇന്ന് ഒറ്റയക്ക നന്പർ ബസുകൾ നാമമാത്രമായി നിരത്തിലിറങ്ങിയിട്ടുണ്ട്.
ഹോട്ടലിൽ ഹോം ഡെലിവറിയും പാഴ്സലും
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവാദം ഇതുവരെ നൽകിയിട്ടില്ല. ഹോംഡെലിവറിയും പാഴ്സൽ സർവീസും മാത്രമാണുള്ളത്.
ലോക്ഡൗണ്‍ നാളുകളിലും ഹോട്ടലുകൾ ഇതു തുടർന്നിരുന്നു. ലോക്ഡൗണിൽ തുറക്കാതിരുന്നതിനുശേഷം ഇന്നലെ തുറന്ന ഹോട്ടലുകളിലും പാഴ്സൽ സർവീസുകൾ ചെറിയ തോതിൽ നടന്നു.
ജോലിക്കാർക്ക് കൂലി കൊടുക്കാൻ പോലും പൈസ ലഭിക്കുന്നില്ലെന്നും കനത്ത നഷ്്ടത്തിൽ ഹോട്ടലുകൾ തുറക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഹോട്ടലുടമകൾ പറഞ്ഞു.
കെഎസ്ആർടിസിയും
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കഴിഞ്ഞദിവസം ആരംഭിച്ചെങ്കിലും ഇന്നലെ കൂടുതൽ സർവീസുകളും ഓർഡിനറി സർവീസുകളും ആരംഭിച്ചു. കോട്ടയം ഡിപ്പോയിൽനിന്നും ഇന്നലെ 22 സർവീസുകൾ നടത്തി. മുണ്ടക്കയം, എറണാകുളം, ചേർത്തല റൂട്ടുകളിലെ സർവീസുകൾക്ക് കളക്ഷനുണ്ടായിരുന്നു.
പാലാ, വൈക്കം, ചങ്ങനാശേരി, എന്നിവിടങ്ങളിൽനിന്നും കൂടുതൽ സർവീസുകൾ നടത്തി. ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നും വാഗമണ്‍, കട്ടപ്പന, അടിവാരം തുടങ്ങി മലയോരമേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും സർവീസ് ആരംഭിച്ചു.
തിങ്കളാഴ്ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
കെഎസ്ആർടിസിയുടെ ഒൗദ്യോഗിക ഫേസ് ബുക്കിലും വാട്സ് ആപ്പ് കൂട്ടായ്മയിലും പാസഞ്ചേഴ്സ്, ഫാൻസ് കൂട്ടായ്മയിലും ദീർഘദൂര സർവീസുകൾ ഉൾപ്പടെ സർവീസ് ആരംഭിക്കുന്ന കാര്യം അറിയിച്ചിരുന്നതിനാൽ യാത്രക്കാർക്ക് സൗകര്യമായിരുന്നു.
മദ്യവിൽപ്പന ശാലകളിൽ അകലം പാളി
ബവ്കോ വിൽപ്പന കേന്ദ്രങ്ങളിൽ ഇന്നലെ മുതൽ മദ്യവിതരണം ആരംഭിച്ചതോടെ ഒന്നരമാസമായി ആളനക്കമില്ലാതിരുന്ന ബവ്കോ പരിസരത്ത് പൂരത്തിരക്ക്. രാവിലെ കൗണ്ടർ തുറക്കുന്നതിനു മുന്‍പേ ആളുകളുടെ ക്യൂ നീണ്ടു കഴിഞ്ഞു. സാമൂഹ്യ അകലം പാലിപ്പിക്കാൻ പോലീസും സ്ഥലത്ത് എത്തിയിരുന്നു.
പലപ്പോഴും സാമൂഹ്യ അകലം പാലിക്കുന്ന കാര്യം ക്യൂവിൽനിന്നവർ മറന്നു. കൗണ്ടർ അടയ്ക്കുന്ന രാത്രി ഏഴു വരെ ക്യൂ തുടർന്നു. ബാറുകളുടെ സമയം രാവിലെ 11 മുതൽ രാത്രി ഏഴുവരെയായിരുന്നു.
ബാറുകളിൽ തിരക്ക് കുറവായിരുന്നു. ബവ്കോ വിൽപ്പന കേന്ദ്രങ്ങളിലെ വിലയ്ക്കു തന്നെയായിരുന്ന ബാറുകളിലെയും വിൽപ്പനയെങ്കിലും ബാറുകളിൽ വില കൂടിയ മദ്യമാണു വിൽപ്പനയ്ക്ക് കൂടുതലുള്ളതിനാൽ ബവ്കോയിലേക്ക് ആളുകൾ മാറി. കളളുഷാപ്പുകളിൽ പാഴ്സൽ വിൽപ്പന നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഓട്ടോയും ടാക്സിയും
ജനം പുറത്തിറങ്ങുന്നത് കുറഞ്ഞു, ഇറങ്ങുന്നവർ സ്വന്തം വാഹനത്തിലും. എന്നാലും ഓട്ടം പ്രതീക്ഷ് സ്റ്റാൻഡുകളിലെത്തിയ ഓട്ടോറിക്ഷക്കാർക്ക് നിരാശ മാത്രമായിരുന്നു. ഒന്നോ രണ്ടോ ചെറിയ ഓട്ടമാണു പലർക്കും ലഭിച്ചത്.
ചിലർക്ക് ഓട്ടമേ ലഭിച്ചില്ല. ആളുകളുടെ കൈയിൽ പണമില്ല. ഓട്ടോയിൽ പോകേണ്ടവർ നടന്നാണ് പോകുന്നത്. പലരും യാത്ര തന്നെ ഒഴിവാക്കുന്നു. മുന്നോട്ടും ഇങ്ങനെ തന്നെയായിരിക്കുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.
ഡ്രൈവർക്കു പുറമേ രണ്ടു പേർക്കു മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയമവും ഓട്ടോറിക്ഷക്കാർക്ക് വിനയാകുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സവാരി കിട്ടുമെന്ന പ്രതീക്ഷയിലാണ് റിക്ഷ ഡ്രൈവർമാർ.
സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ
കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇന്നലെ മുതൽ പുനരാരംഭിച്ചു. കളക്ടറേറ്റിലും മറ്റു സർക്കാർ ഓഫീസുകളിലും റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം ജീവനക്കാരാണ് ഇന്നലെ ഹാജരായത്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇന്നലെ തുറന്നില്ല. ഇന്നു തുറന്നു പ്രവർത്തിക്കും.