തൃശൂർ: കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
അതിനു മുന്പ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ട് അനുഭാവപൂർണമായ നടപടികൾ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പറഞ്ഞു.
കോവിഡ് നിയന്ത്രണത്തിന് എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്ന അശാസ്ത്രീയമായ നടപടികൾമൂലം വ്യാപാരികളും തൊഴിലാളികളും ദുരിതത്തിലാണ്.
സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദനുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന നേതാക്കൾ തിങ്കളാഴ്ച ചർച്ച ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുമെന്ന ഉറപ്പാണ് ലഭിച്ചത്.
തുറക്കാത്ത വ്യാപാരസ്ഥാപനങ്ങളിലെ വില്പനക്കുള്ള ഉല്പന്നങ്ങൾ ഉപയോഗശൂന്യമായിരിക്കുന്നു. ബാങ്കു വായ്പകൾ തിരിച്ചടയ്ക്കാനാകാതെ പലിശ കുമിഞ്ഞു കൂടി. അതോടൊപ്പം കുത്തക ഓണ്ലൈൻ വ്യാപാരികൾക്ക് എല്ലാ ഉല്പന്നങ്ങളും വിൽക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു.
വ്യാപാരി സമൂഹം കൂട്ട ആത്മഹത്യയുടെ വക്കിലാണ്.അടിയന്തിരമായ പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
തൃശൂർ ജില്ലാ കമ്മിറ്റിയും ഈ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി.അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ട്രഷറർ ജോർജ്ജ് കുറ്റിച്ചാക്കു, വി.ടി.ജോർജ്ജ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.