തൃശൂർ: ലോക്ക് ഡൗണ്‍ കാലം പ്രതീക്ഷിക്കാത്ത ചില നല്ല ഫലങ്ങളുണ്ടാക്കിയെന്നു പഠന റിപ്പോർട്ട്.
തൃശൂർ നിർമലമാത സെൻട്രൽ സ്കൂൾ മാതാപിതാക്കളുടേയും കുട്ടികളുടേയും ഇടയിൽ നടത്തിയ സർവേയിലാണ് ഈ വിവരം. കുടുംബബന്ധം സുദൃഡമാക്കിയെന്നാണു സർവേയിലെ പ്രധാന കണ്ടെത്തൽ.
സർവേയിൽ പങ്കെടുത്ത 92 ശതമാനം മാതാപിതാക്കളും തങ്ങളുടെ മക്കളുമായി കൂടുതൽ അടുക്കാൻ ലോക്ക്ഡൗണ്‍ സഹായിച്ചെന്നു പറഞ്ഞു. പ്രകൃതിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞെന്ന് 74.9 ശതമാനം കുട്ടികളും പറഞ്ഞു.
വൈവാഹിക ജീവിതത്തെ ശക്തിപ്പെടുത്തിയെന്ന് 30.7 ശതമാനം മാതാപിതാക്കൾ. കുടുംബാംഗങ്ങളുമായി അടുക്കാൻ കഴിഞ്ഞെന്ന് 58 ശതമാനം കുട്ടികളും പ്രതികരിച്ചു.
എന്നാൽ, കുട്ടികളുടെ ഉറക്കം അട്ടിമറിക്കപ്പെട്ടു. 55 ശതമാനം പേരും വളരെ വൈകി ഉറങ്ങുന്ന ശീലത്തിലേക്കു മാറി.
കുട്ടികളിൽ 89.9 ശതമാനം പേരും വീട്ടുജോലികളിൽ സഹായിക്കാൻ തുടങ്ങി. 89 ശതമാനം കുട്ടികളും സ്കൂളിൽ പോകാൻ സാധിക്കാത്തതിൽ ദുഃഖിതരാണ്.
കൂട്ടുകാരുമായി സമയം ചെലവിടാൻ പറ്റാത്തതിൽ വിഷമിക്കുന്നവരുമുണ്ട്. 60.7 ശതമാനം പേർ. ഇന്റർനെറ്റ് ഉപയോഗം ഗണ്യമായി വർധിച്ചെന്നും സർവേ വെളിപ്പെടുത്തി.
‘ഇംപാക്ട് ഓഫ് കൊറോണ ഇംപോസ്ഡ് ലോക്ക് ഡൗണ്‍ ഓണ്‍ ചിൽഡ്രൻ ആന്‍ഡ് ഫാമിലീസ് ’ എന്ന പഠന റിപ്പോർട്ട് തൃശൂർ ഈസ്റ്റ് പോലീസ് സിഐ ലാൽകുമാർ പ്രകാശനം ചെയ്തു.
2,500 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ എൽകെജി മുതൽ അഞ്ചാം ക്ലാസുവരെ പഠിക്കുന്ന വിദ്യാർഥികളുടെ മാതാപിതാക്കളുടെ ഇടയിലും ആറാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികളുടെ ഇടയിലും വ്യത്യസ്ത സർവേകളാണു നടത്തിയത്.
കുട്ടികളേയും കുടുംബങ്ങളേയും ലോക്ക് ഡൗണും പുതിയ ജീവിത സാഹചര്യങ്ങളും എങ്ങനെ സ്വാധീനിച്ചു, സ്കൂളിന്റെ തന്നെ ‘ആത്മ’ എന്ന പ്രൊജക്ടിന്റെ കീഴിലാണ് പഠനം നടത്തിയത്.
പ്രകാശനച്ചടങ്ങിൽ ഡോ. ടോണി ജോസഫ്, പ്രൊവിൻഷ്യൽ സിസ്റ്റർ. ഡോ. സോഫി പെരേപ്പാടൻ, സിസ്റ്റർ ലിറ്റിൽ മരിയ, പ്രിൻസിപ്പൽ സിസ്റ്റർ ലിൻസാ മരിയ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ് മേരി പ്ലാക്കൽ എന്നിവർ സന്നിഹിതരായി.