തിരുവനന്തപുരം: വ്യാപാരി- വ്യവസായി സംഘടനാ ഭാരവാഹി കളുമായി മുഖ്യമന്ത്രി പിണറാ യി വിജയൻ നടത്തിയ ചർച്ചയ്ക്കു പിന്നാലെ സംസ്ഥാനത്തു ബക്രീദ് പ്രമാണിച്ചു നാളെ മുതൽ മൂന്നു ദിവസം ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവു പ്രഖ്യാപിച്ചു.
എ, ബി, സി മേഖലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കാം. രാത്രി എട്ടു വരെയാണ് സമയം.
എന്നാൽ 15 ശതമാനത്തിനു മുകളിൽ രോഗാവസ്ഥയുള്ള ട്രിപ്പിൾ ലോക്ഡൗണ് മേഖലയായ ഡി കാറ്റഗറിയിൽ പെട്ട പ്രദേശങ്ങളിൽ ഇളവില്ല.
ഇന്നു മുതൽ പ്രഖ്യാപിച്ച കടതുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി- വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നും തിങ്കളാഴ്ചയും നടക്കുന്ന കോവിഡ് അവലോകന യോഗത്തിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ നൽകുന്ന കാര്യം പരിഗണിച്ചേക്കും.
കൂടുതൽ സമയം തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകാത്ത സർക്കാർ സമീപനത്തിനെതിരേ ഒരാഴ്ചയായി വ്യാപാരി- വ്യവസായി ഏകോപന സമിതി സർക്കാരുമായി പരസ്യ പോരിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ കടകൾ തുറക്കുമെന്നു വ്യാപാരികൾ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി പിണറായി ടി. നസിറുദ്ദീനെ ഫോണിൽ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു.
രാവിലെ ഒൻപതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ച പറഞ്ഞിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് 3.30ലേക്കു മാറ്റി. ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ വ്യാപാരികൾ ഓണം വരെ കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുമെന്നും ഇക്കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
എന്നാൽ, മുഖ്യമന്ത്രി പത്രസമ്മേളനം നടത്താതെ മൂന്നു ദിവസത്തെ ഇളവുകൾ പത്രക്കുറിപ്പായി പുറത്തിറക്കുകയായിരുന്നു.