ഇസ്ലാമാബാദ്: കോവിഡ്-19 വൈറസ് വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിൽ മുന്നിലുള്ള പാക് താരമാണ് ഷൊയ്ബ് അക്തർ.
മഹാമാരിക്കെതിരെ പോരാടാനുള്ള ധനശേഖരണാർഥം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരയും താരം നിർദേശിച്ചിരുന്നു. സമൂഹത്തോടുള്ള തന്റെ കടമകളെക്കുറിച്ച് ഓർമിപ്പിക്കുമ്പോൾ തന്നെ നിയമലംഘനം നടത്തിയെന്ന പേരിൽ വിവാദക്കുരുക്കിലും പെട്ടിരിക്കുകയാണ് അക്തർ.
ലോക്ക്ഡൗൺ ലംഘിച്ച് ഇസ്ലാമാബാദ് നഗരത്തിലൂടെ താരം സൈക്കിളിൽ കറങ്ങിയതാണ് വിവാദമായത്. തന്റെ ഔദ്യോഗിക പേജിൽ ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു.
‘എന്റെ സുന്ദര നഗരത്തിലൂടെ ഒരു സൈക്കിൾ സവാരി. നല്ല കാലാവസ്ഥ. ആളൊഴിഞ്ഞ റോഡ്, നല്ലൊരു വർക്കൗട്ടും” – എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.നിരവധി ആരാധകരാണ് വീഡിയോയ്ക്കെതിരെ രംഗത്തെത്തിയത്.
ലോക്ക്ഡൗൺ കാലത്ത് വീടുവിട്ടു പുറത്തിറങ്ങരുതെന്ന് ഉപദേശിക്കുന്ന അക്തർ തന്നെ ചട്ടങ്ങൾ ലംഘിച്ച് നഗരത്തിലൂടെ സൈക്കിൾ സവാരി നടത്തിയത് ചോദ്യം ചെയ്യുന്ന വീഡിയോയ്ക്കു താഴെ ആയിരത്തിലധികം കമന്റുകളാണ് പ്രതൃക്ഷപ്പെട്ടത്. താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.