തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണങ്ങൾക്കു സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ അടുത്തയാഴ്ച ഏർപ്പെടുത്താൻ തീരുമാനിച്ചത്.
നാളെയും മറ്റന്നാളും കഴിഞ്ഞയാഴ്ചത്തേതു പോലെ വാരാന്ത്യ നിയന്ത്രണങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഫലത്തിൽ തിങ്കളാഴ്ചയ്ക്കു ശേഷം അടുത്ത ഞായർ വരെ ഇതേ നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ പിന്നീടു പുറത്തിറക്കും.
ജനജീവിതം സ്തംഭിപ്പിക്കാതെയും എന്നാൽ, സഞ്ചാരം പൂർണമായും ഒഴിവാക്കിക്കൊണ്ടുമുള്ള നിയന്ത്രണങ്ങളാകും നടപ്പിലാക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിത്യോപയോഗ സാധനങ്ങൾ കടകളിൽ നിന്നു വീടുകളിലെത്തിച്ചു കൊടുക്കുന്ന രീതിയിലേക്കു മാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ നിരീക്ഷിച്ചതിനുശേഷം കൂടുതൽ കടുത്ത നടപടികളിലേക്കു പോകേണ്ടിവന്നാൽ അതിലേക്കു കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്പൂർണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നു തന്നെയാണ് സർക്കാരിന്റെ ഇപ്പോഴത്തെയും നിലപാട്. ലോക്ക്ഡൗണ്‍ വേണ്ട എന്നു കരുതുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ഉയർന്ന പൗരബോധത്തിലുള്ള വിശ്വാസംകൊണ്ടാണ്.
ജനങ്ങൾ സ്വയം ലോക്ക്ഡൗണ്‍ നടപ്പിലാക്കണം. അനാവശ്യമായി പുറത്തു പോകില്ലെന്നും ആഘോഷങ്ങൾ മാറ്റി വയ്ക്കുമെന്നും യാത്രകൾ ഒഴിവാക്കുമെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ടെസ്റ്റിനു വിധേയമായി ഐസൊലേഷൻ കൃത്യമായി പാലിക്കുമെന്നും ജനങ്ങൾ സ്വയം തീരുമാനിച്ചാൽ കോവിഡ് വ്യാപനത്തെ ചെറുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സീരിയൽ, സിനിമ ഷൂട്ടിംഗിനു നിരോധനം
തിരുവനന്തപുരം: സീരിയൽ, സിനിമാ, ഡോക്കുമെന്ററി ഷൂട്ടിംഗ് ഉൾപ്പെടെ എല്ലാ ഇൻഡോർ, ഒൗട്ട് ഡോർ ഷൂട്ടിംഗ് പരിപാടികളും നിർത്താൻ തീരുമാനം.
പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ പരസ്പരം രണ്ടു മീറ്റർ അകലം പാലിച്ചു വേണം ഇരിക്കാൻ. ഇവർ രണ്ടു മാസ്ക്കും കൈയുറകളും ധരിക്കണം.
മാർക്കറ്റുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാൻ പോലീസിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തു ലോക്ക്ഡൗണ്‍ വേണമെന്ന് കെജിഎംഒഎ
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ സംസ്ഥാനത്തു രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ).
രണ്ടര ലക്ഷം രോഗികളും 25 ശതമാനത്തിനു മുകളിൽ ടിപിആറും നിലവിലുള്ള കേരളം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്.
ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.