തിരുവനന്തപുരം: ലോക്ക് ഡൗൺ സംബന്ധിച്ച് കേരളത്തിലെ ഇളവുകളിൽ ഇന്നു തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൂടുന്ന യോഗത്തിൽ പുതിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും വകുപ്പു സെക്രട്ടറിമാരും പങ്കെടുക്കും. ഉച്ചകഴിഞ്ഞു മൂന്നിനാണ് യോഗം ചേരുക.
സംസ്ഥാനത്തെ ഓരോ വകുപ്പുകളിലും വരുത്തേണ്ട മാറ്റങ്ങൾ ഈ യോഗത്തിൽ അന്തിമ തീരുമാനമാകും. അഞ്ചാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നിർദേശങ്ങൾ കേരളം അതേപടി നടപ്പാക്കില്ല. അന്ത൪ സംസ്ഥാന യാത്രയിലടക്കം കടുത്ത നിയന്ത്രണം വേണമെന്ന നിലപാടാണ് കേരളം സ്വീകരിക്കുക.
ഇ-പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങളെത്തുന്നതു രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന അഭിപ്രായമാണ് സ൪ക്കാരിനുള്ളത്. അന്ത൪ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം കൊണ്ടുവരും. ആരാധനാലയങ്ങൾ വിശ്വാസികൾക്കു തുറന്നു നൽകുമെങ്കിലും ഒരേ സമയം എത്താവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടു വരുന്നത് ആലോചനയിലുണ്ട്.
എന്നാൽ ആരാധനാലയങ്ങൾ പൂർണമായി തുറന്നു നൽകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതേസമയം കേരളത്തില്‍ ഇന്നലെ 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് പേരുടെയും (ഒരു കാസര്‍ഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടുപേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.
ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 590 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി.
കാസര്‍ഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല. നിലവില്‍ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.