തുറവൂർ: നിയന്ത്രിത മത്സ്യ ബന്ധനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ചേർത്തല താലൂക്കിലെ മത്സ്യതൊഴിലാളികളുടെ ദുരിതം തുടരുന്നു.
നൂറു കണക്കിന് മത്സ്യതൊഴിലാളികളാണ് ലോക്ഡൗണ്‍ ഇല്ലാത്ത പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാൻ സാധിക്കാതെ പട്ടിണിയിൽ ജീവിക്കുന്നത്. കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ താമസിക്കുന്ന നൂറു കണക്കിന് മത്സ്യതൊഴിലാളികൾ ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ചാണ് മത്സ്യ ബന്ധനത്തിന് പോകുന്നത്.
ഈ ഹാർബർ മാസങ്ങളായി അടച്ചിരിക്കുകയാണ്. പിന്നിടുള്ളത് തോപ്പുംപടി ഹാർബറും അർത്തുങ്കൽ ഹാർബറുമാണ്. ഇതും അടച്ചിട്ടിരിക്കുന്നതിനാൽ നിലവിൽ അനുമതിയുള്ള വലിയ അഴീക്കലോ മുനന്പത്തോ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തണം.
ഇവിടങ്ങളിൽ പോയി വള്ളമിറക്കാൻ സുരക്ഷാ ഭീഷണിയും ഭാരിച്ച ചെലവുമാണ്. കിലോമീറ്ററുകൾ സഞ്ചരിച്ചാലേ ചേർത്തല ഭാഗത്ത് നിന്ന് ഇവിടങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കു. ഏറെക്കുറെ വള്ളങ്ങൾ പുലർച്ചേ രണ്ടിനും മൂന്നിനുമാണ് വള്ളമിറക്കുന്നത്.
രാത്രിയാത്രാ നിരോധനമുള്ളതിനാൽ ഇതും സാധ്യമല്ല. നിയന്ത്രിത രീതിയിൽ പള്ളിത്തോട് ചാപ്പക്കടവിൽ നിന്നോ അന്ധകാരനഴിയിൽ നിന്നോ ഒറ്റ മശേരിയിൽ നിന്നോ അർത്തുങ്കൽ ഹാർബറിൽ നിന്നോ വള്ളമിറക്കാൻ അനുവദിച്ചാലെ തീരദേശത്തെ വറുതിക്ക് അറുതി വരുത്തുവാൻ സാധിക്കൂ എന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.