ചവറ: ലോക്ക് ഡൗൺ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ 55 പേർ പിടിയിൽ. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളായ 25 എച്ച് പി എൻജിൻ, 15 മത്സ്യതൊഴിലാളികൾ, ഫിഷറീസിന്റെ അംഗീകൃത പാസ് എന്നിവ ഇല്ലാതെ മത്സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങളിൽ നിന്നുമാണ് 55 മത്സ്യതൊഴിലാളികളെ കോസ്റ്റൽ പോലീസ് നടത്തിയ തിരച്ചിലിനിടയിൽ പിടിയിലായി.
ഇന്നലെ പുലർച്ചെ പുത്തൻതുറയിൽ നിന്നും 28 മത്സ്യതൊഴിലാളികളുമായി ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചും പാസ് എടുക്കാതെയും മത്സ്യബന്ധനത്തിനായി പോയ ഉണ്ണികുട്ടൻ എന്ന വള്ളം അഴിമുഖത്തിന് സമീപത്ത് നിന്നും, രാവിലെ 10 ഓടെ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയും ഹാർബറിൽ മത്സ്യം വിൽക്കണമെന്ന വ്യവസ്ഥ ലംഘിച്ച മൈനാകം എന്ന വള്ളവും
ഒന്പത് മത്സ്യതൊഴിലാളികളേയും, കൊല്ലം തങ്കശേരിയിൽ 18 മത്സ്യതൊഴിലാളികളേയും കയറ്റി ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ സെന്റ് ആന്റണി വള്ളത്തേയുമാണ് പിടികൂടിയത്.
ഇവർക്കെതിരേ കോസ്റ്റൽ പോലീസ് കേസെടുത്തു. അതോടൊപ്പം വള്ളങ്ങൾ പിടിച്ചെടുക്കുകയും ക്ഷേമനിധി റദ്ദാക്കുകയും ചെയ്യുമെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷരീഫ്, സബ് ഇൻസ്പെക്ടർ എ. നാസർകുട്ടി, സി ഭൂവനദാസ്, അബ്ദുൾ മജിദ്, സജയൻ, എ ജോയി, ഉണ്ണുണ്ണി തോമസ്, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.