സ്വന്തം ലേഖകൻ
കണ്ണൂര്‍: ജനത്തിന് കടുത്ത ദുരിതമെങ്കിലും ഒരു മഹാമാരിയെ തടയാന്‍ ജനം സ്വയം ലോക്കിലായിട്ട് ഇന്നലേയ്ക്ക് 40 ദിവസം. കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയാന്‍ മാര്‍ച്ച് 24 ന് അര്‍ധരാത്രി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി രണ്ടാം ഘട്ടത്തിലും ഭൂരിഭാഗം ജനങ്ങളും സഹകരിക്കുകയായിരുന്നു. ഈ രംഗത്ത് കേരളം ഉണ്ടാക്കിയ നേട്ടം തന്നെ ഇതിന് ഉദാഹരണമാണ്.
എന്നാല്‍ പലയിടത്തും ഒരു വിഭാഗം ജനങ്ങള്‍ വാഹനങ്ങളില്‍ പുറത്തിറങ്ങിയത് തിരിച്ചടിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലക്ക് ലംഘിച്ചതിന് നിരവധി പേരെ പോലീസിന് അറസ്റ്റു ചെയ്യേണ്ടി വന്നു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കോവിഡ് -19 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടതോടെ ജില്ലാ ഭരണകൂടത്തിനും പോലീസിനും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും രോഗം ബാധിതര്‍ കൂടുകയും കേരളത്തില്‍ കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടി വന്നു.
സംസ്ഥാനത്ത് അവശ്യസേവനങ്ങളില്പെടാത്ത കടകള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കി. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വിലക്ക് മേഖലയില്‍ പ്രാദേശിക റോഡുകള്‍ പൂര്‍ണമായും അടച്ചിരിക്കയാണ്.
എന്നാല്‍ യാത്രകള്‍ ഒഴിവാക്കണമെന്ന ആവശ്യം മിക്കയിടത്തും ലംഘിക്കപ്പെട്ട സംഭവങ്ങളും നിരവധി. കേരളത്തില്‍ ഇന്നലെയും ലോക്ക് ഡൗണ്‍ ലംഘിച്ച് നിരവധി പേരാണ് നിരത്തിലിറങ്ങിയത്.
ഇതോടെ വിലക്ക് ലംഘിച്ച് വാഹനങ്ങളില്‍ എത്തിയവരോട് പോലീസിന് നിലപാട് കടുപ്പിക്കേണ്ടി വന്നു. പിടിയിലായ ചിലര്‍ സർക്കാർ കേന്ദ്രത്തില്‍ നിരീക്ഷണത്തിലുമായി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ ഐജിമാര്‍ക്കു തന്നെ നേരിട്ടിറങ്ങേണ്ടി വന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതോടെ നിരീക്ഷണത്തില്‍ പോകേണ്ടി വന്നു.
മലബാറില്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തന്നെ പ്രഖ്യാപിക്കേണ്ടി വന്നത്.
വാഹനയാത്രയ്ക്കും കടുത്ത നിയന്ത്രണങ്ങളാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ ശക്തമായ നിയമ നടപടികളും സ്വീകരിച്ചു വരുന്നു.
ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന് പരിധികളിലും പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡ് വച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
എല്ലാ റോഡുകളിലും പോലീസ് പിക്കറ്റ് ശക്തമാക്കി. കോവിഡ് പോസിറ്റീവ് ആയവരുടെയും അവരുമായി നേരിട്ടു ബന്ധപ്പെട്ടവരുടെയും റൂട്ട് മാപ്പ് പോലീസ് തയാറാക്കി അത്തരക്കാരെ നിരീക്ഷണത്തില്‍ കൊണ്ടുവരികയാണ്. പ്രത്യേക മൊബൈല്‍ ആപ് ഉണ്ടാക്കിയാണ് നിരീക്ഷണം.
സര്‍ക്കാര്‍ ജീവനക്കാരില്‍ തന്നെ ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ, സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്കു മാത്രമാണ് യാത്രാനുമതി. അല്ലാത്തവരെ തിരിച്ചയയ്ക്കും.
അനാവശ്യമായി കറങ്ങി നടക്കുന്നവരെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം.
കണ്ണൂര്‍ ജില്ലയില്‍ മാത്രം രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ഇന്നലെ പൂര്‍ത്തിയായപ്പോള്‍ ഇതു വരെ രജിസ്റ്റര്‍ ചെയ്തത് 10,602 കേസുകളാണ്. 11,330 പ്രതികളുള്ള കേസില്‍ ഇതിനകം 10,643 പേര് അറസ്റ്റിലായി.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 7088 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കൂടാതെ മാസ്ക് ധരിക്കാത്തതിന് ഇന്നലെ വരെ 30 കേസുകളും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു.