പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കൊറോണക്കാലം ഭിന്നശേഷിക്കാരായ കുട്ടികളുടെ സന്തോഷവും മാനസികോല്ലാസവും കെടുത്തി. ലോക്ക്ഡൗൺപ്രഖ്യാപിച്ചതോടെ ഇവരുടെ സ്വർഗമായിരുന്ന ബഡ്സ് സ്കൂളുകളും ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററു( ബിആർസി.)കളും താത്ക്കാലികമായി പൂട്ടേണ്ടി വന്നു.
ഇതോടെ ജില്ലയിലെ പത്ത് ബഡ്സ് സ്കൂളുകളിലെയും പതിനാറ് ബിആർസികളിലെയുമായി എണ്ണൂറിലധികം മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഒന്നും ചെയ്യാനില്ലാതെ വീടുകളിൽ കുരുങ്ങി. ദൈനംദിനം ഇവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനാവാതെയും പ്രിയപ്പെട്ട കൂട്ടുകാരെ കാണാനാവാതെയും ഇവർ വീടുകളിൽ ഒറ്റപ്പെട്ട അവസ്ഥയിലായി .
ചികിത്സയ്ക്കും തെറാപ്പിയ്ക്കുമുള്ള അവസരവും മുടങ്ങി. ഇണങ്ങിയാൽ ആത്മാർഥമായി സ്റ്റേഹിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്ന ഇവർ പെട്ടെന്ന് ദേഷ്യപ്പെടുന്നവരുമാണ്. നിസാര കാര്യങ്ങൾക്ക് പിണങ്ങിയാൽ പോലും അക്രമാസക്തരാകുന്ന പ്രകൃതക്കാരാണ്. മിക്ക രക്ഷാകർത്താക്കളും ഭിന്നശേഷി കുട്ടികളെ കൂടുതൽ സമയവും ഉറങ്ങാൻ നിർബന്ധിക്കുകയാണ് ചെയ്യന്നത്.
വീട്ടിൽ കുരുങ്ങിയതോടെ ഇവർക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഭിന്നശേഷി കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും കഴിവുകൾ പ്രകടമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അവസരം ബഡ്സ് സ്കൂളിലും ബിആർസിയിലും ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ വീടുകളിൽ നിന്നും സ്കൂളിലേയ്ക്കും വൈകുന്നേരവും തിരിച്ചുമുള്ള വാഹനത്തിലെ യാത്ര തന്നെ ഇവർക്ക് ഉല്ലാസയാത്രയ്ക്ക് തുല്യമായിരുന്നു. സ്കൂളിലെത്തിയാൽ ഇവർക്ക് ആഹ്ലാദകരമായ തിരക്ക് തന്നെയാണ്.
സ്വന്തം ആവശ്യങ്ങൾ നിർവഹിക്കുകയും കുടുംബാംഗങ്ങളെ സഹായിക്കുകയും ചെയ്യുന്നതിനുള്ള പരിശീലനം, സ്വന്തം കലാ – കായിക കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കുവാനുമുള്ള അവസരം, കവർ നിർമ്മാണം, പേപ്പർപേന നിർമ്മാണം, ഫയൽ നിർമ്മാണം തുടങ്ങിയ തൊഴിൽ പരിശീലനം എന്നിവയാണ് പ്രധാനം.
ഹോർട്ടി തൊറാപ്പി ഭിന്നശേഷി കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നുവെന്ന് ട്രെയിനർമാർ പറയുന്നു. മുറ്റത്തും ഗ്രോബാഗുകളിലും പച്ചക്കറി നടീൽ, പരിപാലനം തുടങ്ങിയ ഇവർക്ക് വളരെയധികം മാനസികോല്ലാസം നല്കിയിരുന്നു.
ഓരോ ചെടിയിലും ഫലം ഉണ്ടാകുമ്പോൾ ഇവരിലുണ്ടാകുന്ന നിർവൃതി പറഞ്ഞറിയിക്കാനാവാത്തതാണ്. വീടുകളിൽ അകപ്പെട്ടതോടെ ഇവർക്കിതെല്ലാം നഷ്ടമായത് മാനസിക – ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ഭിന്നശേഷി കുട്ടികളിൽ ലോക്ക്ഡൗൺ കാലത്തും അല്ലാത്ത സമയത്തും ശാരീരിക-മാനസിക പ്രശ്നങ്ങളുണ്ടാകാതെ ശ്രദ്ധിക്കാൻ രക്ഷാകർത്താക്കൾക്ക് പരിശീലനം നല്കിയിട്ടുണ്ടെന്നും ട്രെയിനർമാർ രക്ഷാകർത്താക്കളുമായും കുട്ടികളുമായും ബന്ധം പുലർത്തുന്നുണ്ടെന്നും ഇതിന്റെ ചുമതലയുള്ള കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ എ.ജി. സന്തോഷ് പറഞ്ഞു.