വൈപ്പിൻ: ലോക്ക് ഡൗണ്‍ മൂലം നിർമാണ സാമഗ്രികളും ഹാർഡ് വെയർ ഉത്പന്നങ്ങളും വിൽക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ സാന്പത്തിക നഷ്ടം നികത്താൻ പാക്കേജുകളില്ലാതെ വന്നതോടെ കടുത്ത നിരാശയിലാണ് ഹാർഡ് വെയർ ഷോപ്പുടമകളും നിർമാണ സാമഗ്രികൾ വിൽക്കുന്ന വ്യാപാരികളും.
ആവശ്യ സാധനങ്ങൾ അല്ലാത്തതിനാൽ രണ്ട് മാസത്തിലേറെ കടകൾ അടച്ചുപൂട്ടേണ്ടി വന്നതിനാൽ സിമന്റ്, ജനതാസം, വൈറ്റ് സിമന്റ്, പ്ലൈവുഡ് ഉൾപ്പെടെയുള്ളവ നശിച്ചു. കോണ്‍ക്രീറ്റിംഗിനായി ഉപയോഗിക്കുന്ന ഇരുന്പ് കന്പികളും തുരുന്പുകയറി.
വൻ തുക ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കച്ചവടം നടത്തുന്ന ഇവർക്ക് ഇതുണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നു ബാങ്ക് വായ്പകൾക്കുള്ള മൊറോട്ടോറിയമെന്ന തട്ടിപ്പ് മരുന്നല്ലാതെ ഒന്നും പറയാനില്ലെന്നാണ് വ്യാപാരികളുടെ ആരോപണം.
കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഇളവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവുകളിന്മേലുള്ള അവ്യക്തതമൂലം പോലീസിന്റെ പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
• ഉത്പന്നങ്ങൾക്ക് ദൗർലഭ്യം
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ പല സാമഗ്രികൾക്കും ദൗർലഭ്യം നേരിടുന്നത് മറ്റൊരു വിനയായി മാറിയിരിക്കുകയാണ്.
ഹാർഡ് വെയർ ഉത്പ്പന്നങ്ങളിൽ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും എത്തേണ്ടവയാണ്. എന്നാൽ ഉത്തരേന്ത്യയിൽ കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ മൊത്തവ്യാപാരികൾക്ക് ലോഡ് എത്തിക്കാൻ സാധിക്കുന്നില്ല. പല ഫാക്ടറികളും പ്രവർത്തിക്കാതെ കിടന്നതിനാൽ അവിടെയും സ്റ്റോക്കില്ല.
എംസീൽ, കുറ്റി, കൊളുത്ത്, വിജാഗിരി തുടങ്ങിയ സാധനങ്ങളും പ്ലൈവുഡ്, വൈറ്റ് സിമന്റ് എന്നിവയും പല വ്യാപാര സ്ഥാപനങ്ങളിലും സ്റ്റോക്ക് എത്തിയിട്ടില്ല. പ്രാദേശികമായി നിർമിക്കുന്ന കാർഷിക ആവശ്യങ്ങൾക്കുള്ള ചെറിയ പണിയായുധങ്ങളുടെ ദൗർലഭ്യവും വ്യാപാരികളെ അലട്ടുന്നുണ്ട്.
ഇതിനിടെയാണ് വൈദ്യുതി ബോർഡ് കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഉപയോഗിക്കാത്ത വൈദ്യുതിക്ക് വൻ തുകയുടെ ബില്ല് നൽകിയിരിക്കുന്നത്. മറ്റ് സൗജന്യങ്ങൾ ഒന്നും ലഭിക്കാത്ത വ്യാപാരി സമൂഹത്തിനു വൈദ്യുതി ബിൽ പൂർണമായും ഇളവ് ചെയ്ത് നൽകാൻ സർക്കാർ തയാറാകണം.
മാത്രമല്ല ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം മാത്രം പോര പലിശയും ഇളവ് ചെയ്ത് സഹായിക്കണമെന്നാണ് വ്യാപാരികൾ പറയുന്നത്.