വി.അഭിജിത്ത്
പാലക്കാട് : മുറ്റത്തെ മുല്ലക്ക് മണം മാത്രമല്ല പണവും കിട്ടുമെന്ന് തെളിയിച്ചവരാണ് കോഴിപ്പാറ വടകര പതിയിലെ മുല്ലപ്പൂ കർഷകനായ എസ്.മദലമുത്തുവും കുടുംബവും.
ഒരേക്കറോളം സ്ഥലത്താണ് മദലമുത്തുവും ഭാര്യ തെരേസയും മുല്ലപ്പൂ കൃഷി നടത്തിവരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ മുല്ലപ്പൂ കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്.
മാർച്ച്, ഏപ്രിൽ, മെയ്് എന്നീ മാസങ്ങളിലാണ് മുല്ലപ്പൂ കർഷകർക്ക് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത്. എന്നാൽ ലോക ഡോണ്‍ ആയത് കാരണം വിളവെടുത്ത മുല്ലപ്പൂ മൊട്ടുകൾ മാർക്കറ്റുകളിൽ കൊണ്ട് വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
ബാങ്കിൽ നിന്നും കാർഷിക വായ്പ എടുത്താണ് മദലമുത്തു കഴിഞ്ഞ അഞ്ചു വർഷമായി മുല്ലപ്പൂ കൃഷി നടത്തി വരുന്നത്. അതിനിടയിലാണ് അപ്രതീക്ഷിതമായി വന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ മുല്ലപ്പു കർഷകരെ പ്രതിസന്ധിയിലാക്കിയത്.
കോയന്പത്തൂർ, പാലക്കാട്, പൊള്ളാച്ചി തുടങ്ങിയ പൂമാർക്കറ്റുകളിലാണ് പ്രധാനമായും വിളവെടുത്ത മുല്ലപ്പൂക്കൾ വിൽപ്പന നടത്തുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, കല്യാണ ആഘോഷപരിപാടികൾ തുടങ്ങിയവയ്ക്ക് മുല്ലപ്പൂ വില്‍പ്പന സജീവമായി നടന്നിരുന്നു.
എന്നാൽ ഇപ്പോൾ ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കുള്ളതിനാൽ മുല്ലപ്പൂ വിൽപ്പന പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഒരു കിലോ മുല്ലപ്പൂ മെട്ടുകൾക്ക് 1200 രൂപവരെ ലഭിക്കേണ്ട സമയത്താണ് ലോക്ഡൗണ്‍ മൂലം വിൽപ്പന നടത്താൻ കഴിയാത്ത അവസ്ഥയിൽ എത്തി നിൽക്കുന്നത്.
വിളവെടുക്കാൻ പാകമായവ ചെടികളിൽ വച്ചു തന്നെ വാടി പോവുകയാണ്. മെയ് മാസം അവസാനിക്കുന്നതോടെയും മണ്‍സൂണ്‍കാലം ആരംഭിക്കുന്നതോടെ ചെടികളിൽ പൂക്കൾ ഉണ്ടാവുന്നത് പൂർണ്ണമായും ഇല്ലാതാവും.
ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ ഇനി പിൻവലിച്ചാലും വിപണിയിൽ എത്തിക്കുന്ന മുല്ലപൂക്കൾ കുറവായിരിക്കുമെന്ന് കർഷകനായ മദളമുത്തു പറഞ്ഞു.