തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണിൽ നിയന്ത്രണങ്ങൾ ശക്തം. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രമാണ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നത്.
ഹോട്ടലുകളിൽ പാഴ്സൽ സർവീസിന് അനുമതിയുണ്ടെങ്കിലും പലതും തുറന്നു പ്രവർത്തിക്കുന്നില്ല. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും നിരത്തുകളിലും പോലീസിന്റെ കര്‍ശന പരിശോധന തുടരുകയാണ്.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളും ചുരുക്കം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ എണ്ണം പൊതുവേ കുറവാണ്. ഓട്ടോ, ടാക്സി സർവീസുകളും നിരത്തിലില്ല. അത്യാവശ്യ യാത്ര നടത്തുന്നവർ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.
മാസ്ക് ധരിക്കാത്തവരെയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്. നഗരപ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാണ്.
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് നടപ്പിലാക്കിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് പോലീസ് പോകാന്‍ അനുവദിക്കുന്നത്. കോവിഡ് വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.