കോട്ടയം: ഒരാഴ്ച നീണ്ടു നില്ക്കുന്ന ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ റോഡിലെങ്ങും കർശന പോലീസ് പരിശോധന.
നഗരത്തിൽ ചവിട്ടുവരി, നാഗന്പടം, തിരുനക്കര, കഐസ്ആർടിസി, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, കഞ്ഞിക്കുഴി, സീസർ ജംഗ്ഷൻ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസ് പരിശോധനയുണ്ട്.
അനാവശ്യയാത്ര ചെയ്യുന്നവരെ ഒരുകാരണവശാലും പോകാൻ പോലീസ് അനുവദിക്കില്ല. സത്യവാംഗ്മൂലം കൈയിൽ സൂക്ഷിച്ചിരിക്കുന്നവരെയും ആശുപത്രികൾ ഉൾപ്പടെയുള്ള അടിയന്തരയാത്രക്കാരെയും മാത്രമേ പോലീസ് കടത്തിവിടുന്നുള്ളു.
അനാവശ്യമായി ബൈക്കുകളിലും കാറുകളിലും എത്തുന്ന നിരവധി പേർക്കെതിരേ പോലീസ് പിഴയടപ്പിക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്.
ഇന്നു രാവിലെയും പതിവു പോലെ സർക്കാർ, അർധ സർക്കാർ, ആശുപത്രി, ആരോഗ്യ അനുബന്ധസ്ഥാപനങ്ങൾ, അനുമതിയുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർ ജോലിക്കു പോകുന്നുണ്ട്.
ഇവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണു കടത്തിവിടുന്നത്. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാർ കുറവായതോടെ സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നടത്തുന്നില്ല. ദീർഘദൂരമുൾപ്പെടെ കഐസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.