നേമം : ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ടുപോയ മൂവാറ്റുപുഴ സ്വദേശിനിയായ വീട്ടമ്മയ്ക്ക് നേമം ജനമൈത്രി പോലീസിന്റെ സഹായം. പാപ്പനംകോട് എസ്റ്റേറ്റ് ഹൈസ്കൂൾ റോഡിലെ ലാൽലൈനിലുള്ള വീട്ടിൽ ഒറ്റപ്പെട്ടുപോയ ലളിതാ ദാമോദരനാണ്(70) പോലീസ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സാധനങ്ങളെത്തിച്ചത്.
കുറെ നാളുകളായി അടച്ചിട്ടിരുന്ന ഇവിടത്തെ വീട് വൃത്തിയാക്കി ഉടൻ നാട്ടിലേയ്ക്ക് പോകാമെന്ന ഉദേശ്യത്തിലാണ് കോല ഞ്ചരിയിൽ നിന്നും ലളിതാ ദാമോദരൻ പാപ്പനംകോടെത്തിയത്. ഇവിടെയെത്തി അടുത്ത ദിവസമായപ്പോയേക്കും ലോക്ക് ഡൗണും പിന്നാലെ നിരോധനാജ്ഞയും പ്രഖ്യാപിച്ചത്.
ഇതോടെ ഒഴിഞ്ഞ വീട്ടിൽ ഒന്നും ചെയ്യനാകാതെ ഇവർ ഒറ്റപ്പെട്ടുപോയത്. രണ്ട് മൂന്ന് ദിവസം അടുത്തുള്ള ഒരു വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു. വെള്ളിയാഴ്ച രാവിലെ ലളിതാ ദാമോദരൻ പോലീസിന്റെ സഹായം തേടുകയായിരുന്നു.
സിആർഒ മതിമാന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ആർ. അഭിലാഷ്, അനിൽകുമാർ എന്നിവരുടെ സഹായത്തോടെ ഇവർക്ക് വീട്ടിൽ ഭക്ഷണം വച്ച് കഴിക്കുന്നതിനുള്ള ഗ്യാസ് സിലിണ്ടറും അടുപ്പും മറ്റ് പാത്രങ്ങളും ഭക്ഷണവും എത്തിച്ചുകൊടുത്തു.
പാപ്പനംകോട്ടെ കേന്ദ്ര ഗവേഷണ സ്ഥാപനമായ സിഎസ്ഐആർനിസ്റ്റിലെ ഉദ്യോഗസ്ഥനായിരുന്നു ലളിതയുടെ ഭർത്താവ് ദാമോദരൻ. അദ്ദേഹത്തിന്റെ മരണശേഷമാണ് ഇവർ കോലഞ്ചരിയിലേയ്ക്ക് പോയത്.
അവിടെയുള്ള മകളെ കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും യാത്ര ചെയ്യാനാവത്തതിനാൽ കുറച്ചു ദിവസം കൂടി ലളിതയ്ക്ക് ഇവിടെ തന്നെ കഴിയേണ്ടിവരും.