കൂത്തുപറമ്പ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അനാവശ്യമായി രാത്രി ചുറ്റിക്കറങ്ങിയ രണ്ട് യുവാക്കളെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു. കീഴത്തൂരിലെ ജിതിൻ രാജ്, സുഹൃത്ത് തൻമയി എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 9.15ന് കേളാലൂർ മഹാവിഷ്ണു ഗണപതി ക്ഷേത്ര ചിറയ്ക്ക് സമീപം വച്ചാണ് ഇവർ നാട്ടുകാരുടെ പിടിയിലായത്. പിണറായിയിലും പരിസരപ്രദേശങ്ങളിലും വീടുകളുടെ ജനാലയിൽ ഇടിച്ചു മറ്റും ഭീതി പടർത്തിയ ബ്ലാക്ക് മാൻ എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇവരെ പിടികൂടി പോലീസിന് കൈമാറിയത്.
കുറേ ദിവസങ്ങളായി പിണറായിയിലും പരിസരങ്ങളിലും ബ്ലാക്ക്മാൻ ശല്യം രൂക്ഷമാണ്. ഇതേ തുടർന്ന് നാട്ടുകാർ പ്രദേശത്ത് കാവൽ ഏർപ്പെടുത്തിയിരുന്നു .
എന്നാൽ പാനൂരിൽ കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേ പുകവലിക്കാൻ കുളക്കടവിൽ എത്തിയതാണ് തങ്ങൾ എന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.
ബ്ലാക്ക്മാൻ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പിണറായി എസ്ഐ കെ.വി.ഉമേശൻ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.