പേരൂർക്കട: കോളജ് പഠനകാലത്ത് മൊട്ടിട്ട പ്രണയം വിവാഹത്തിലെത്തിയപ്പോൾ വില്ലനായെത്തിയത് ഞായറാഴ്ചയിലെ കോവിഡ് നിയന്ത്രണം. പക്ഷേ ഒരുമിക്കാൻ തീരുമാനിച്ച മനസുകൾക്ക് നിയന്ത്രണങ്ങൾ തടസമായില്ല.
ഇരുചക്രവാഹനത്തിൽ ക്ഷേത്രത്തിലെത്തി നിശ്ചയിച്ചപോലെ വിവാഹിതരായി തമിഴ്നാട് ഈറോഡ് സ്വദേശി കാർത്തിക്കും (27) മാനന്തവാടി സ്വദേശിനി രേഷ്മ പി. വർഗീസും (27).
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ 2016ൽ മൊട്ടിട്ട പ്രണയത്തിന് ഞായറാഴ്ച വള്ളക്കടവ് കാരാളി കളത്തുവിളാകം ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ ശുഭപര്യവസാനമാകുകയായിരുന്നു.
ഇരുവരും ബിരുദാന്തരബിരുദത്തിന് പഠിക്കുന്ന കാലത്താണ് പ്രണയം മൊട്ടിട്ടത്. പഠനശേഷം തിരുവനന്തപുരത്ത് വരികയും ഒരുമിച്ച് തൊഴിൽ അന്വേഷിക്കുകയും ചെയ്തുവെങ്കിലും നിരാശയായിരുന്നു ഫലം.
ഒടുവിൽ നന്തൻകോട്ടുള്ള സ്വരാജ് ഭവനിൽ കാന്റീൻ ആരംഭിച്ചു. 2020-ൽ കോവിഡിനെ തുടർന്ന് കാന്റീൻ നഷ്ടത്തിലാകുകയും പൂട്ടുകയും ചെയ്തു. ഇപ്പോൾ പുളിമൂട് അംബുജ വിലാസം റോഡിൽ ഒരു ടേക്ക് എവേ ടീ ഷോപ്പ് നടത്തുകയാണ് കാർത്തികും രേഷ്മയും.
അങ്ങിനെയിരിക്കെ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും നഗരസഭാ നന്തൻകോട് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടറായ എസ്.എസ് മിനുവിനെ സമീപിക്കുകയും ചെയ്തത്.
വിവിധ ക്ഷേത്രങ്ങളിൽ അന്വേഷിച്ചെങ്കിലും വിവാഹത്തിന് ചെലവ് കൂടുതലായിരുന്നതിനാൽ വള്ളക്കടവ് ക്ഷേത്രഭാരവാഹികൾ ഇവിടെ വിവാഹം നടത്താൻ അനുവദിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8.30ന് വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ഞായറാഴ്ച കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് വിഷമവൃത്തത്തിലാകുകയും ചെയ്തു.
സുഹൃത്തുക്കൾക്കൊന്നും വരാൻ സാധിക്കാതെയായി. ഒടുവിൽ ഹെൽത്ത് ഇൻസ്പെക്ടറുടെയും ഭാര്യ രശ്മിയുടെയും പൂർണ സഹായത്തോടുകൂടി, തീരുമാനിച്ച അമ്പലത്തിൽ തന്നെ ഇരുവരും വിവാഹിതരായി.
സ്കൂട്ടറിൽ വധൂവരന്മാർ എത്തുകയും വിവാഹം നടത്തി, ഹെൽത്ത് ഇൻസ്പെക്ടർ മിനു നൽകിയ പ്രഭാതഭക്ഷണവും മധുരവും കഴിച്ച് പുതുജീവിതത്തിലേക്ക് മടങ്ങുകയുമായിരുന്നു.