പത്തനംതിട്ട: ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും നിര്‍മ്മാണത്തിന് ആവശ്യമായ കല്ല്, സിമന്റ്, മെറ്റല്‍, കമ്പി, പാറമണല്‍ തുടങ്ങിയ അസംസ്കൃത സാധനങ്ങള്‍ പോലീസ് പരിശോധനയില്‍ തടയുകയും പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതായി പരാതി.
നിര്‍മാണമേഖലയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉണ്ടല്ലോയെന്ന് പോലിസ് ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ ഭിഷണിയും. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശമാണ് ഞങ്ങള്‍ പാലിക്കുന്നതെന്നും പോലീസ് പറയുന്നു.
വാഹനങ്ങള്‍ ഓടിക്കുന്നവര്‍, ചുമട്ടുതൊഴിലാളികള്‍, മേസ്തിരി, ആശാരിമാർ എന്നിവര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇതു മൂലം തൊഴിലാളി കുടുംബങ്ങളുടെ അവസ്ഥ ദുരുതത്തിലാണ്. വാഹനങ്ങള്‍ ഓടാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലായി. ബാങ്ക് വായ്പയെടുത്ത് വാഹനം വാങ്ങിയിരുന്നവരുടെ തിരിച്ചടവ് മുടങ്ങി, ഇന്‍ഷ്വറന്‍സ്, നികുതി അടവുകളും മുടങ്ങി.
ജപ്തി നടപടികളിലേക്ക് കടക്കുന്നതോടെ പലര്‍ക്കും കിടപ്പാടം തന്നെ നഷ്ടമാകുമെന്ന ആശങ്കയുണ്ട്.നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യക്തമായ നിര്‍ദേശം പോലീസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കണമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കണമെന്ന് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി നിര്‍വാഹക സമതിയംഗം എ.ഡി. ജോണ്‍ ഉദ്ഘാടനം ചെയ്തു.പി.കെ. ഇക്ബാല്‍, ഷംസുദ്ദീന് സുലൈമാന്‍, ഫാറൂഖ് ആനപ്പാറ, അജിത്ത് മണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.