‘തിരുവനന്തപുരം: കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ എത്തിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ. ഡി കാറ്റഗറി ഒഴിച്ചുള്ള മേഖലകളിലെല്ലാം കൂടുതൽ ഇളവുകൾ നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗം തീരുമാനിച്ചു.
എ, ബി, സി കാറ്റഗറിയിൽപ്പെട്ട മേഖലകളിൽ കടകളുടെ പ്രവർത്തന സമയം രാത്രി എട്ടു വരെ നീട്ടി. അതേസമയം ശനിയും ഞായറും നിയന്ത്രണങ്ങൾ തുടരും. ബാങ്കുകൾക്ക് എല്ലാ ദിവസവും ഇടപാടുകൾക്ക് അവസരം. ഡി കാറ്റഗറിയിൽ രാത്രി ഏഴ് വരെ കടകൾക്കു തുറന്നു പ്രവർത്തിക്കാം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ഇപ്പോൾ 9.14 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ പതിനായിരത്തിൽ താഴെയായിരുന്നു. 7798 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. സംസ്ഥാനത്ത് ആയിരത്തിന് മേലെ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും തൃശൂർ ജില്ലയിൽ മാത്രമാണ്. 1092 കേസുകളാണ് തൃശ്ശൂർ ജില്ലയിലുള്ളത്.