തിരുവനന്തപുരം: ലോക്ക് ഡൗണിൽ സർക്കാർ അനുവദിച്ച ഇളവുകൾ അധികമായിപ്പോയെന്നു പോലീസ്. ഇത്രയും ഇളവുകൾ നൽകാൻ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പോലീസിന്റെ അഭിപ്രായം.
ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ കാരണം ലോക്ഡൗണ്‍ ഫലപ്രദമാകില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
യാത്രകൾ അനുവദിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ ആളുകൾ അകാരണമായി പുറത്തിറങ്ങുമെന്നും ഇതു ലോക്ക്ഡൗണിന്റെ പ്രയോജനം ഇല്ലാതാക്കുമെന്നു പോലീസ് പറയുന്നു.
പോലീസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഉന്നതതല സമിതി ചേർന്നു നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ ഇന്നലെ ഇറക്കിയ ലോക്ക് ഡൗണ്‍ മാർഗനിർദേശത്തിനോടാണ് പോലീസിനു വിയോജിപ്പുള്ളത്.
സഹകരണ മേഖലയിൽ ജോലിക്കു പോകുന്നവർക്കും നിർമാണ മേഖലയിലുള്ളവർക്കും ഇളവുകൾ നൽകിയിരിക്കുന്നതു പൊതുനിരത്തിൽ വാക്കേറ്റങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുമെന്നാണ് പോലീസ് പറയുന്നത്.
ആരോഗ്യവിദഗ്ധരും ഇളവുകൾ കുറയ്ക്കണമെന്ന അഭിപ്രായമാണ് പങ്കു വയ്ക്കുന്നത്.ആളുകൾ പുറത്തേക്കിറങ്ങുന്നതു രോഗവ്യാപന തോത് വർധിക്കാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകൾ പുനഃപരിശോധിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി തന്നെ സർക്കാരിനോട് ആവശ്യപ്പെടും. ഇന്നു ചേരുന്ന കോർകമ്മിറ്റിയിൽ ഈ വിഷയം അവതരിപ്പിക്കും.