കോട്ടയം: കോവിഡ് ലോക്ഡൗണ്‍ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ ആഴ്ചകൾ വൈകിയേക്കും.
ഒന്‍പതു വരെയാണ് നിലവിൽ ലോക്ഡൗണ്‍ പൊതുനിയന്ത്രണമെങ്കിലും കോവിഡ് വ്യാപന നിരക്ക് കുറഞ്ഞാൽ മാത്രമേ ബസ് സർവീസ് അനുവദിക്കാനുള്ള സാഹചര്യമുള്ളൂ.
മാത്രവുമല്ല ഇളവുകളോടെ ഗതാഗതം അനുവദിച്ചാലും ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതമായിരിക്കും.രോഗഭീതി തുടരുന്നതിനാൽ ഏറെപ്പേരും പൊതുവാഹനങ്ങളെ ആശ്രയിക്കാൻ ഭയപ്പെടുന്നുമുണ്ട്. ഈ നിലയിൽ സ്വകാര്യബസുകൾ ഏറെയും നിരത്തിലിറക്കാൻ ഉടമകൾ താത്പര്യപ്പെടുന്നില്ല.
ജൂണ്‍ പകുതിയോടെ ബസുകൾ റോഡിൽ ഇറക്കിയാലും ടാക്സ്, ഇൻഷ്വറൻസ് എന്നിവയിൽ ഇളവുകളൊന്നും ലഭിക്കില്ല. പൂർണമായി സർവീസ് മുടങ്ങിയ മേയിൽ പ്രത്യേകമായ ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല.കഴിഞ്ഞ വർഷം ഒന്നാം ലോക്ഡൗണിനു ശേഷം ബസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിരുന്നു.
ഈ നിയന്ത്രണത്തിൽ ഇളവുണ്ടായത് നാലു മാസത്തിനുശേഷമാണ്. ശരാശരി 5,000 രൂപയ്ക്കു മുകളിൽ പ്രതിദിന കളക്ഷൻ ലഭിക്കുന്നില്ലെങ്കിൽ സർവീസ് ബസുടമയ്ക്ക് നഷ്ടമായി മാറും.കോവിഡ് ഒന്നര വർഷം പിന്നിടുന്പോൾ ഈ കാലാവധിക്കുള്ളിൽ ലിറ്ററിന് 20 രൂപയുടെ വർധനവാണ് ഡീസൽ നിരക്കിലുണ്ടായത്.
ഇത്തരത്തിൽ ഓരോ ബസിനും ഇന്ധനച്ചെലവിൽ മാത്രം ദിവസം 1,500 രൂപയുടെ അധികച്ചെലവുണ്ടായി. ഒന്നാംഘട്ടത്തിൽ ഷട്ടിൽ സർവീസുകളും തുടർന്ന് രണ്ടാം ഘട്ടം സർവീസുകളും തുടങ്ങാനാണ് ആലോചന.
അതേ സമയം ലോക്ഡൗണ്‍ പിൻവലിക്കുന്ന മുറയ്ക്ക് കഐസ്ആർടിസി അവശ്യസർവീസുകൾ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. സ്കൂൾ, കോളജ് അഡ്മിഷൻ, മൂല്യനിർണയം തുടങ്ങിയ സാഹചര്യം മുൻനിർത്തി പരിമിതമായ തോതിൽ സർവീസുകൾ തുടങ്ങിവയ്ക്കും.