മുക്കൂട്ടുതറ: ലോക്ക് ഡൗണിൽ വെറുതെ ഇരുന്ന് മുഷിഞ്ഞപ്പോൾ സ്വകാര്യ ബസ് ഡ്രൈവർ തന്റെ സർഗ വാസന പുറത്തെടുത്തു. വിരസത മാറിയെന്നു മാത്രമല്ല മൂന്ന് വയസുകാരനായ മകന് അടിപൊളി കളിപ്പാട്ടങ്ങളും റെഡിയായി.
ഈർക്കിലി കൊണ്ട് മനോഹരമായ ഇരുനില വീട്, പാഴ് വസ്തുക്കൾ കൊണ്ട് ലോറിയുടെ മാതൃക എന്നിവയാണ് നിർമിച്ചത്. ബസിന്റെ മിനിയേച്ചർ നിർമിച്ചുകൊണ്ടിരിക്കുന്നു. മുട്ടപ്പള്ളി കുളങ്ങര സുമിഷ് ആണ് കലാവിരുതിലൂടെ വീട്ടിൽ ഒഴിവുസമയം പ്രയോജനപ്പെടുത്തിയത്.
സ്കൂൾ പഠനകാലത്ത് ഒട്ടേറെ മിനിയേച്ചറുകൾ നിർമിച്ചിട്ടുള്ള സുമിഷ് ബസ് ഡ്രൈവറായപ്പോൾ താൻ ഓടിക്കുന്ന അൽഫോൻസാ, തേജസ് ബസുകളുടെ മോഡലുകൾ നിർമിച്ച് ശ്രദ്ധേയനായിരുന്നു. പിന്നീട് മിനിയേച്ചറുകൾ നിർമിക്കാൻ സമയം കിട്ടിയിരുന്നില്ലന്ന് സുമിഷ് പറഞ്ഞു.
ഇപ്പോൾ സന്പൂർണ ലോക്ക് ഡൗണ്‍ ആയപ്പോൾ മകൻ കാശിനാഥനു വേണ്ടി കളിപ്പാട്ടം ഉണ്ടാക്കാൻ ആലോചിച്ചപ്പോഴാണ് പഴയ കഴിവ് പുറത്തെടുക്കാൻ തോന്നിയത്. രണ്ട് ചൂലും ദിവസങ്ങളും വേണ്ടി വന്നു രണ്ട് നിലയിലുള്ള വീടിന്റെ മാതൃക നിർമിക്കാൻ.
ലോറിയുടെ മാതൃക കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. അതോടെ ബസിന്റെ പണിയിലേക്കു കടന്നു. സ്വകാര്യ ബസുകളുടെ മോഡലുകൾ ഒട്ടേറെ നിർമിച്ചിട്ടുള്ളതിനാൽ ഇത്തവണ കെഎസ്ആർടിസി ബസ് നിർമിക്കാനുള്ള പണിയിലാണ് ഇപ്പോൾ സുമിഷ്. ഭാര്യ രമ്യ ആണ് മുഖ്യ സഹായി.