കടുത്തുരുത്തി: കോവിഡ് – 19ന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രവർത്തനവും ജനങ്ങൾ ഏറ്റെടുക്കേണ്ട മുൻകരുതലുകളും കോർത്തിണക്കിയൊരു ഓട്ടൻതുള്ളൽ.
കടുത്തുരുത്തി രാഗാദ്രി അക്ഷയ ഡിജോയാണ് സർക്കാരിന്റെ പ്രവർത്തനങ്ങളും ജനങ്ങളേറ്റെടുക്കേണ്ട മുൻകരുതലുകളും കോർത്തിണക്കി ഓട്ടൻതുള്ളൽ തയാറാക്കി അവതരിപ്പിച്ചത്.
സ്വന്തമായി പാട്ട് എഴുതി തയാറാക്കി ആറ് മിനിറ്റിൽ ഏറെ ആസ്വാദ്യകരമായ നിലയിലായിരുന്നു വീട്ടുമുറ്റത്ത് അക്ഷയയുടെ ഓട്ടൻതുള്ളൽ.
അമ്മ ഡീഷയാണ് ഓട്ടൻതുള്ളലിന് പിൻപാട്ട് പാടിയത്. ആഗോളതലത്തിലെ പ്രതിസന്ധി, മരുന്ന് കണ്ടുപിടിക്കാത്തത്, സാമൂഹ്യ അകലം, ശുദ്ധി, മുൻകരുതൽ, കേരള മോഡൽ എല്ലാം ഉൾക്കൊള്ളിച്ചായിരുന്നു ഓട്ടൻതുള്ളൽ. മാൻവെട്ടം സെന്റ് ജോർജ് യുപി സ്കൂൾ അധ്യാപികയാണ് അക്ഷയ.
‘കെകെ മാഷിന് കണക്കു മാത്രമല്ല, കാട്ടുകല്ലും വഴങ്ങും
കുറവിലങ്ങാട്: കണക്ക് മാഷിനു കാട്ടുകല്ലും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കെ.കെ. മാഷെന്ന ബെന്നി കൊച്ചുകിഴക്കേടം. വെറുതെ പറയുകയല്ല, ലോക്ക് ഡൗൺ ആഴ്ചകൾ പിന്നിടുന്പോൾ കൊച്ചുകിഴക്കേടത്ത് തറവാടിന്റെ പുരയിടത്തിലിറങ്ങി നടന്നാൽ മതിയാകും ഇത് മനസിലാകാൻ.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കയ്യാല നിർമാണത്തിലായിരുന്നു ഇവർ. കൃഷിയിടത്തിലെ കാട്ടുകല്ല് പെറുക്കിക്കൂട്ടിയാണു കയ്യാല നിർമാണം. ആറാം ക്ലാസുകാരൻ മകൻ ജൂബൽ കല്ല് പെറുക്കിക്കൂട്ടുന്പോൾ അഞ്ചാം ക്ലാസുകാരൻ ജെഫി കിളച്ചിട്ട മണ്ണ് കൊട്ടയിൽ കോരിവയ്ക്കും.
ഇവർക്ക് ഭക്ഷണമൊരുക്കി ബെന്നിയുടെ ഭാര്യ സീനയും ഒപ്പമുണ്ട്. കടപ്ലാമറ്റം ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിൽ ഗണിതശാസ്ത്രാധ്യാപകനാണ് ബെന്നി.
സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ പിടിഎ പ്രസിഡന്റായിരിക്കെ അവധിദിനത്തിൽ സ്കൂളിലെത്തി വിറകി കീറി പാചകപ്പുരയിലെത്തിച്ചതടക്കം വേറിട്ട പ്രവർത്തനങ്ങളുടെ കൂട്ടുകാരനാണ് കെ.കെ.