തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
പരിശോധന കൂടുതൽ കർശനമാക്കാനുമാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും.
വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. അനിവാര്യമായ യാത്രകൾക്കു മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ് പോലീസ്.
രണ്ടു ലക്ഷത്തിലധികം പേർ പാസിനായി അപേക്ഷിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്.
കൊച്ചി: സമ്പൂര്‍ണ ലോക്ഡൗണ്‍ മൂന്നാംദിനത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി പോലീസ്. പ്രവൃത്തി ദിവസമായതിനാല്‍ ഇന്ന് കൂടുതല്‍ ആളുകള്‍ റോഡുകളിലേക്ക് ഇറങ്ങിയിരിക്കുന്നതിനാല്‍ പോലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പാസ് ലഭിച്ചവരും ഇന്ന് റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്. കൂടാതെ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആളുകളും രാവിലെ നിരത്തിലെത്തിയിരുന്നു.
എറണാകുളം നഗരത്തില്‍ എല്ലാ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും റോഡുകളും പോലീസ് പരിശോധന നടക്കുന്നുണ്ട്. മാര്‍ക്കറ്റുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ കാലിയായി വരുന്ന വാഹനങ്ങളെല്ലാം പോലീസ് പിടികൂടുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കില്ല.
കൂടാതെ വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാത്തവരെയും നിസാര കാര്യങ്ങള്‍ക്കായി പുറത്തിറങ്ങിയവരെയും പോലീസ് തടയുന്നുണ്ട്. കടത്തിവിടുന്നവരുടെ പേരും മേല്‍വിലാസവും പോലീസ് ശേഖരിക്കുന്നുണ്ട്.
നഗരത്തില്‍ ഇപ്പോള്‍ പ്രധാന ആശങ്കയുണ്ടാക്കുന്നത് വീടുകളിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്തു കൊടുക്കുന്ന തൊഴിലാളികളെയാണ്.
ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം. ഇന്ന് മുതല്‍ ഇതും കര്‍ശനമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച 112 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. 300 പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.