തൃശൂർ: ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളെത്തുടർന്ന് ഇന്നു നഗരത്തിൽ യാത്രക്കാരുടെ തിരക്ക്. ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഫുട് വെയർ തുടങ്ങിയ ഷോറൂമുകൾക്കു തുറക്കാൻ അനുമതി നൽകിയതിനാൽ ഇത്തരം ഷോറൂമുകളിലേക്ക് ഇടപാടുകാർ എത്തി.
വിവാഹാവശ്യത്തിനുള്ള ഇടപാടുകാരാണ് ഏറേയും എത്തിയത്.നാളേയും ഞായറാഴ്ചയും ട്രിപ്പിൾ ലോക് ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താനിരിക്കേയാണ് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവു നൽകിയത്.
ഈയാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ തുറക്കാൻ അനുവദിച്ചിരുന്നില്ല.പലചരക്കു കടകളിലും പച്ചക്കറി വ്യാപാരശാലകളിലുമെല്ലാം ഇന്നു തിരക്ക് അനുഭവപ്പെട്ടു.
ഇതേസമയം, യാത്രക്കാരുടേയും വാഹനങ്ങളുടേയും ബാഹുല്യം നിയന്ത്രിക്കാൻ പോലീസ് പെടാപാടുപെട്ടു. പോലീസ് ചെക്ക് പോസ്റ്റുകളിൽ ചുരുക്കം ചില വാഹനങ്ങളെ മാത്രം തടഞ്ഞു പരിശോധിക്കാനേ കഴിഞ്ഞുള്ളൂ.
സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തവരിൽനിന്ന് എഴുതി വാങ്ങിക്കുകയും തർക്കിച്ചവർക്കെതിരേ പിഴചുമത്തുകയോ കേസെടുക്കുകയോ ചെയ്തു.