കോട്ടയം: കട തുറക്കാനുള്ള നിർദേശങ്ങളിൽ വ്യക്തതയില്ല, ആകെ വലഞ്ഞ് വ്യാപാരി സമൂഹം. വിവിധ വ്യാപാര ശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ നിർദേശങ്ങളിൽ സമയക്രമം, നടത്തിപ്പ് എന്നിവയിൽ വ്യക്തതയില്ലാത്തതിനാൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കു എത്തുന്പോൾ വ്യാപാരികൾ പിഴ നല്കേണ്ട അവസ്ഥയിലാണ്.
ടെക്സ്റ്റൈൽ, ഫുട്വെയർ, ജ്വല്ലറി, തുടങ്ങിയ സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപയോക്താക്കളുടെ കൈവശം വിവാഹ ക്ഷണക്കത്ത് വേണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉത്തരവ് അപ്രായോഗികവും, വ്യാപാര വിരുദ്ധവുമാണെന്ന് സംഘടന കുറ്റപ്പെടുത്തി. 2018 മുതൽ വിവിധ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന വ്യാപാരിസമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം പ്രസ്താവനകളും, നിലപാടുകളും തിരുത്താൻ അധികാരികൾ തയാറാകണം.
വ്യാപാര മേഖലയില പലവിഭാഗം വ്യാപാരികൾക്കും, ഫർണിച്ചർ, വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതി ഇല്ലാതിരിക്കെ വളരെ വ്യക്തമായ ഓർഡറോടുകൂടി ഓണ്ലൈൻ വ്യാപാരം പോഷിപ്പിക്കുകയാണ്.
ഹോട്ടലുകൾ, സ്വർണ്ണക്കടകൾ, ചെരിപ്പുകടകൾ, ജൗളിക്കടകൾ, സ്റ്റേഷനറികടകൾ ഇതര ഫുഡ് ഐറ്റം വിൽക്കുന്ന കടകൾ എന്നിവയെല്ലാം നിയമത്തിന്റെ അപാകതകൽ കൊണ്ട് തുറന്ന് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഭീമമായ വാടകയും, കറന്റ് ചാർജും, മറ്റ് ലൈസൻസ് ഫീസുകളും, കാലാകാലങ്ങളിൽ അടക്കേണ്ട വ്യാപാരികൾക്കു വ്യക്തമായ ഉത്തരവോടുകൂടി കടകൾ തുറന്ന് പ്രവർത്തിക്കന്നതിനുള്ള അനുമതി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
വ്യാപാരികളുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയാറാകണം
കോട്ടയം: കോവിഡ് മൂലം വളരെ കഷ്ടത അനുഭവിക്കുന്ന മേഖലയാണ് വ്യാപാര മേഖല. ഒന്നാം പ്രളയം മുതൽ സർക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങളിലും, ഒപ്പം നിൽക്കുകയും, പ്രളയ സെസ് അടക്കം സർക്കാരിലേക്ക് അടക്കുകയും ചെയ്യുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാർ തയാറാകണം.
ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ കേൾക്കേണ്ടത് കുത്തക മുതലാളിമാരിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നും അല്ലെന്നൂം വ്യാപാരി പ്രതിനിധികളിൽ നിന്നാണ് കേൾക്കേണ്ടതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി പറഞ്ഞു.