തിരുവനന്തപുരം: നാളെ കഴിഞ്ഞാൽ സംസ്ഥാനവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ല. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശികതലത്തിലുള്ള നിയന്ത്രണങ്ങളിലേക്കു മാറും.
നിയന്ത്രണത്തിന്റെ രീതിയും വിശദാംശങ്ങളും ഇന്നു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാന വ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കുകയാണ്. ഇപ്പോഴത്തെ നിലയിലുള്ള ലോക്ഡൗണ്‍ തുടരുന്നതിൽ വ്യാപകമായ എതിർപ്പ് ഉയർന്നുവന്ന പശ്ചാത്തലത്തിൽകൂടിയാണ് നിയന്ത്രണങ്ങളുടെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
ഇതിനകം ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവുണ്ടായി എന്നാണ് സർക്കാർ നിലപാട്.
സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാരീതിയും നടപ്പാക്കുന്നതിനു പകരം രോഗവ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കും. സംസ്ഥാനത്ത് കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 12.7 ശതമാനമാണ്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടിപിആർ 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിലും താഴെയാണ്.
കഴിഞ്ഞ ഒരാഴ്ചയിൽ ടിപിആറിൽ പത്തു ശതമാനവും കേസുകളുടെ എണ്ണത്തിൽ 20 ശതമാനവും കുറവുണ്ടായി. എന്നാൽ, 14 തദ്ദേശസ്ഥാപന പരിധിയിൽ ടിപിആർ 35 ശതമാനത്തിലും കൂടുതലാണ്. 37 എണ്ണത്തിൽ 28 മുതൽ 35 വരെയാണ്. 127 ഇടത്ത് 21നും 28നും ഇടയിലാണ്.
ആദിവാസി കോളനികളിൽ 119 എണ്ണത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ വാക്സിനേഷൻ സെന്റർ ഇല്ല. അവിടങ്ങളിൽ ക്യാന്പുകളും സംഘടിപ്പിക്കാനായിട്ടില്ല. 362 കോളനികളിൽ സ്പെഷൽ കാന്പയിൻ സംഘടിപ്പിച്ചു. ബാക്കിയുള്ള കോളനികളിലും ഉടൻ പൂർത്തിയാക്കും.
വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകൾ തുടർന്നേക്കാമെന്നതുകൊണ്ട് ലോക്ഡൗണ്‍ പിൻവലിച്ചു കഴിഞ്ഞാലും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണം.
ഡെൽറ്റാ വൈറസ് കാരണം രോഗം ഭേദമാകുന്നവരിലും വാക്സിൻ എടുത്തവരിലും വീണ്ടും രോഗബാധ ഉണ്ടായേക്കാം.
എന്നാൽ, ഇങ്ങനെ രോഗമുണ്ടാകുന്നവരിൽ കഠിനമായ രോഗലക്ഷണങ്ങളും മരണ സാധ്യതയും വളരെ കുറവാണ്. എങ്കിലും ക്വാറന്റൈനും ചികിത്സയും വേണ്ടിവരുന്നതിനാൽ വാക്സിനെടുത്തവരും രോഗം ഭേദമായവരും തുടർന്നും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മരണം: ഇന്നുമുതൽ തീരുമാനം ജില്ലാതലത്തിൽ
തിരുവനന്തപുരം: കോവിഡ് മരണം സംബന്ധിച്ച തീരുമാനം ഇന്നുമുതൽ ജില്ലാ അടിസ്ഥാനത്തിൽ. ഇതുവരെ സംസ്ഥാന തലത്തിലായിരുന്നു കോവിഡ് മരണങ്ങൾ സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊണ്ടിരുന്നത്.
മരണങ്ങൾ സ്ഥിരീകരിക്കുന്നതിൽ കാലതാമസത്തിന് ഇതു കാരണമായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആശുപത്രിയിലെ ഡോക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാതലത്തിൽ കോവിഡ് മരണം എന്നു സർട്ടിഫൈ ചെയ്യും. ഇതുവരെയുള്ള കേസുകളുടെ കാര്യത്തിൽ എത്രയും വേഗം തീരുമാനം കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി അറിയിച്ചു.