തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് ഇന്ന് സര്‍വകക്ഷിയോഗം നടക്കും.
ലോക്ഡൗണിനോട് പുറമേ ആരു യോജിക്കുന്നില്ലെങ്കിലും ലോക്ഡൗൺ വേണമെന്ന ആവശ്യം യോഗത്തിൽ എല്ലാ കക്ഷികളും ഉന്നയിച്ചാൽ സിപിഎം പിന്തുണച്ചേക്കും.
ലോക്ഡൗൺ ഒഴിവാക്കി പരസ്പര സന്പർക്കം കുറയ്ക്കുന്ന തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ് സർക്കാർ ആലോചിക്കുന്നത്.
മുഖ്യന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ഇന്ന് വൈകുന്നേരം 4.30 നാണ് സര്‍വകക്ഷിയോഗം.
ജില്ലാ കളക്ടർമാരും ഡിജിപിയും യോഗത്തിൽ പങ്കെടുക്കും. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പും ജില്ലാ കലക്ടര്‍മാരും ഇന്നലെ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് അതിരൂക്ഷമായുള്ള തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്നു ഇന്നലെ ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വന്‍ വര്‍ധനയാണു റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഭാഗീക ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.